വികസന പ്രതീക്ഷകളുമായി കാൽനൂറ്റാണ്ടിലേറെയായി കാത്തിരിക്കുകയാണ് നെടുവന്നൂർ, ആവണംകോട് ഗ്രാമവാസികൾ. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള ഈ പ്രദേശങ്ങൾ ആവശ്യത്തിന് അടിസ്ഥാന റോഡ് സൗകര്യങ്ങൾ പോലുമില്ലാതെ ബുദ്ധിമുട്ടുകയാണ്.
ഏറെക്കാലമായി മുടങ്ങിക്കിടക്കുന്ന സീപോർട്ട് – എയർപോർട്ട് റോഡ് യാഥാർത്ഥ്യമായാൽ ആലുവ നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് വലിയൊരു പരിഹാരമാകുമെന്നാണ് പ്രദേശവാസികൾ ചൂണ്ടിക്കാണിക്കുന്നത്. പദ്ധതിക്കായി ആദ്യ അലൈൻമെന്റ് തയാറാക്കി ഭൂമി ഏറ്റെടുക്കലിന്റെ ഭാഗമായി കല്ലിട്ടത് 26 വർഷങ്ങൾക്ക് മുമ്പ് ആണ്.
ഇതിനിടയിൽ രണ്ടുതവണ അലൈൻമെന്റിൽ മാറ്റങ്ങൾ വരുത്തി. പദ്ധതിയുടെ ഔദ്യോഗിക നോട്ടിഫിക്കേഷൻ നിലനിന്നിരുന്നതിനാൽ ജനങ്ങൾക്ക് തങ്ങളുടെ ഭൂമി കൈമാറ്റം ചെയ്യാനോ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാനോ സാധിക്കാത്ത അവസ്ഥയുണ്ടായി.
നിലവിൽ നോട്ടിഫിക്കേഷന്റെ കാലാവധി അവസാനിച്ചതിനാൽ നിയമപരമായ തടസ്സങ്ങൾ നീങ്ങിയെങ്കിലും, പ്രദേശത്തുകൂടി കടന്നുപോകേണ്ട വലിയൊരു റോഡ് പദ്ധതി അനിശ്ചിതത്വത്തിലായത് ജനങ്ങളിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
നിലവിൽ ചൊവ്വരയിൽ അവസാനിക്കുന്ന രണ്ടാം ഘട്ടത്തിന്റെ നിർമാണ പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്. ഈ ഘട്ടം പൂർത്തിയായ ശേഷമേ ചൊവ്വര മുതൽ വിമാനത്താവളം വരെയുള്ള മൂന്നാം ഘട്ട
നിർമാണം ആരംഭിക്കൂ. ആവണംകോട്, നെടുവന്നൂർ മേഖലകളിൽ കാൽനൂറ്റാണ്ട് മുൻപ് തന്നെ റോഡിനായി അലൈൻമെന്റ് നിശ്ചയിച്ച് കല്ലിട്ടിരുന്നു.
എന്നാൽ നിലവിലെ അലൈൻമെന്റിൽ വീണ്ടും മാറ്റം വന്നിട്ടുണ്ടെന്നും കല്ലിട്ട സ്ഥലങ്ങൾ ഒഴിവാക്കിയേക്കുമെന്നുമുള്ള ആശങ്കയിലാണ് നാട്ടുകാർ.
പദ്ധതിയുടെ അലൈൻമെന്റ് സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ലഭ്യമല്ലാത്തത് ജനങ്ങളുടെ നിത്യജീവിതത്തെയും വിവിധ ആവശ്യങ്ങളെയും ബാധിക്കുന്നുണ്ട്. മുൻപ് നോട്ടിഫിക്കേഷൻ നിലനിന്നിരുന്ന സ്ഥലമാണെന്ന കാരണത്താൽ ചില ധനകാര്യ സ്ഥാപനങ്ങൾ പ്രദേശവാസികൾക്ക് ബാങ്ക് വായ്പകൾ പോലും നിഷേധിക്കുന്ന സ്ഥിതിയുണ്ട്.
പദ്ധതിയുടെ രണ്ടാം ഘട്ട ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട
നടപടികളിൽ അടുത്തിടെ ചില പുരോഗതികൾ ഉണ്ടായിട്ടുണ്ടെങ്കിലും നിർമാണ പ്രവർത്തനങ്ങൾ ഇനിയും വേഗത കൈവരിച്ചിട്ടില്ല. നിലവിലുള്ള സാങ്കേതിക തടസ്സങ്ങൾ സർക്കാരിന്റെ പ്രത്യേക ഇടപെടലിലൂടെ എത്രയും പെട്ടെന്ന് പരിഹരിച്ച് സീപോർട്ട് – എയർപോർട്ട് റോഡ് പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

