തിരുവനന്തപുരം നഗരത്തെ ഞെട്ടിച്ച പാൽക്കുളങ്ങര കൊലപാതകത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. നടുറോഡിൽ യുവാവിനെ വെട്ടിക്കൊന്ന സംഭവത്തിൽ പൊലീസും പ്രദേശവാസികളും കടുത്ത ആശങ്കയിലാണ്.
കുടുംബങ്ങൾ തമ്മിലുണ്ടായിരുന്ന അതിർത്തി തർക്കമാണ് ഒടുവിൽ മൃഗീയമായ കൊലപാതകത്തിൽ കലാശിച്ചത്. നിരവധി തവണ നാട്ടുകാരുടെയും ബന്ധുക്കളുടെയും നേതൃത്വത്തിൽ പ്രശ്നം പരിഹരിക്കാൻ ശ്രമങ്ങൾ നടന്നെങ്കിലും വിജയം കണ്ടിരുന്നില്ല.
ഇതുസംബന്ധിച്ച മുൻവിരോധങ്ങളെ തുടർന്ന് പ്രദീപ് മുൻപും വിശാഖിനെ ആക്രമിച്ചിരുന്നു. ഈ സംഭവത്തിനുശേഷം ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ വിശാഖ് കുറച്ചുകാലം മലയിൻകീഴിലാണ് താമസിച്ചിരുന്നത്.
ഇടയ്ക്കിടെമാത്രം വീട്ടിലെത്തിയിരുന്ന ഇയാളെ നാട്ടുകാർ അധികം കണ്ടിരുന്നില്ല. എന്നാൽ, സംഭവത്തിന് രണ്ടു ദിവസം മുൻപ് വിശാഖ് പ്രദീപിന്റെ വാഹനം തകർത്തത് വൈര്യം വീണ്ടും വർധിപ്പിച്ചു.
വീടുകളിൽനിന്ന് തുണികൾ ശേഖരിച്ച് തേച്ചുനൽകുന്ന ജോലിയായിരുന്നു കൊല്ലപ്പെട്ട വിശാഖ് ചെയ്തിരുന്നത്.
ഇതിനായി കട ആരംഭിച്ചിരുന്നെങ്കിലും രണ്ടുവർഷം മുൻപ് അത് പൂട്ടിയിരുന്നു.
കൊലപാതകത്തിന് ദൃക്സാക്ഷികൾ ഇല്ലാത്തത് അന്വേഷണ സംഘത്തിന് വെല്ലുവിളിയാകുന്നുണ്ട്. സിസിടിവി ദൃശ്യങ്ങളുടെയും സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതികളെക്കുറിച്ച് പൊലീസിന് വ്യക്തത ലഭിച്ചത്.
പഴയ കേസുകളുടെ പശ്ചാത്തലം
വഞ്ചിയൂർ പൊലീസ് സ്റ്റേഷന്റെ 2013ലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നയാളാണ് പ്രദീപ്. 2009ലായിരുന്നു പ്രദീപിനെതിരെ വഞ്ചിയൂരിൽ ആദ്യമായി കേസ് റജിസ്റ്റർ ചെയ്യുന്നത്.
തട്ടിക്കൊണ്ടുപോകൽ, വധഭീഷണി തുടങ്ങിയ കുറ്റങ്ങളാണ് അന്ന് ചുമത്തിയത്. വധശ്രമം, നരഹത്യാശ്രമം, ആയുധം ഉപയോഗിച്ചുള്ള ആക്രമണം തുടങ്ങി എട്ടോളം ഗുരുതര ക്രിമിനൽ കേസുകളിൽ പ്രദീപ് പ്രതിയാണ്.
വഞ്ചിയൂർ, ഫോർട്ട്, പേട്ട സ്റ്റേഷനുകളിലാണ് ഇയാൾക്കെതിരെ കേസുകളുള്ളത്.
എന്നാൽ, 2013ന് ശേഷം പ്രദീപിന്റെ പേരിൽ പുതിയ കേസുകൾ ഒന്നും റജിസ്റ്റർ ചെയ്തിരുന്നില്ല. പിന്നീട് ഡ്രൈവിങ് ജോലികളിലേക്കും വാഹനം വാടകയ്ക്ക് നൽകുന്ന മേഖലയിലേക്കും ഇയാൾ തിരിഞ്ഞു.
ഇതിനിടയിലാണ് 2024ൽ വിശാഖ് പ്രദീപിനെ ആക്രമിക്കുന്നത്. ഈ ആക്രമണത്തിന് ശേഷം പ്രദീപിൽനിന്ന് തനിക്ക് വധഭീഷണിയുണ്ടെന്ന് കാണിച്ച് വിശാഖ് കോടതിയിൽ പൊലീസ് സുരക്ഷയ്ക്കായി അപേക്ഷ നൽകുകയും ചെയ്തിരുന്നു.
ഹൃദയഭേദകമായ രംഗങ്ങൾ
നടുറോഡിൽ വിശാഖിനെ വെട്ടി വീഴ്ത്തിയതറിഞ്ഞ് ആദ്യം സംഭവസ്ഥലത്തേക്ക് ഓടിയെത്തിയത് മാതാവ് ശൈലയാണ്. മകൻ വെട്ടേറ്റു കിടക്കുന്നത് കണ്ട് മാതാവ് അലറിക്കരഞ്ഞെങ്കിലും ആ സമയത്ത് ആരും സഹായത്തിനെത്തിയില്ല.
തന്നെ ആക്രമിച്ചവർ പോയതിനു പിന്നാലെ വെള്ളം വേണമെന്ന് മാതാവിനോട് വിശാഖ് ആവശ്യപ്പെട്ടു. മാതാവ് വെള്ളവുമായി എത്തിയപ്പോഴേക്കും പൊലീസും സ്ഥലത്തെത്തിയിരുന്നു.
മൂന്ന് വെട്ടുകത്തികൾ ഉപയോഗിച്ചാണ് വിശാഖിനെ കൊലപ്പെടുത്തിയത് എന്നാണ് പൊലീസിന്റെ പ്രഥമിക വിലയിരുത്തൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

