രാജ്യത്തെ പരീക്ഷാ സംവിധാനങ്ങളിൽ സമഗ്രമായ മാറ്റങ്ങൾ വരുത്തുന്നതിന്റെ ഭാഗമായി രൂപീകരിച്ച ഉന്നതതല സമിതിയുടെ പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രംഗത്ത്. പരീക്ഷാ സംവിധാനത്തിന്റെ പവിത്രത തകർക്കാൻ ആരെയും അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തെ പുതിയ തലമുറയുടെ ഭാവി സുരക്ഷിതമാക്കുന്നതിനായി കേന്ദ്ര സർക്കാർ നിരന്തരം വിവിധ പരിഷ്കാരങ്ങൾ നടപ്പിലാക്കി വരികയാണെന്ന് അദ്ദേഹം എക്സ് പോസ്റ്റിലൂടെ ചൂണ്ടിക്കാണിച്ചു. ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട
കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്നും, ഭാവിയിൽ ഇത്തരത്തിലുള്ള പ്രവർത്തികൾ ആവർത്തിക്കാൻ ആരും ധൈര്യപ്പെടാത്ത തരത്തിലുള്ള ശക്തമായ നടപടികൾ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രമുഖ ടെക്നോളജി വിദഗ്ദ്ധൻ നന്ദൻ നിലേകനിയുടെ നേതൃത്വത്തിലാണ് പുതിയ ഉന്നതതല ടാസ്ക് ഫോഴ്സ് രൂപീകരിച്ചിട്ടുള്ളത്.
പരീക്ഷാ നടത്തിപ്പ് കൂടുതൽ സുതാര്യവും കുറ്റമറ്റതുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സമിതിയെ നിയോഗിച്ചിരിക്കുന്നത്. ഞായറാഴ്ച പുറത്തുവിട്ട
ഒരു വീഡിയോ സന്ദേശത്തിലൂടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പരീക്ഷാ പരിഷ്കാരങ്ങൾക്കായുള്ള പുതിയ ടാസ്ക് ഫോഴ്സ് രൂപീകരണം സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. വിദ്യാർത്ഥികളുടെ ഭാവിയുമായി കളിച്ചവർ ഇതിനോടകം തന്നെ ജയിലിലാണെന്നും, കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പാക്കാൻ ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.
“വിദ്യാർത്ഥികളുടെ ഭാവിക്കായി കേന്ദ്ര സർക്കാർ തുടർച്ചയായി നടപടികൾ സ്വീകരിക്കുന്നുണ്ട്. വിദ്യാർത്ഥികളുടെ ഭാവിവെച്ച് കളിച്ചവർ ഇപ്പോൾ ജയിലാണ്.
ഞങ്ങൾ ഇതിനകം ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിച്ചിട്ടുണ്ട്. കർശനമായ നിയമ വ്യവസ്ഥകളുള്ള പുതിയ നിയമനിർമ്മാണവുമായി പാർലമെന്റിൽ മുന്നോട്ട് പോവുകയാണ്.
എന്നാൽ നമ്മൾ ഭാവിയെക്കൂടി നോക്കണം. നമ്മുടെ പരീക്ഷാ സംവിധാനം വിശ്വസനീയവും സുതാര്യവുമാകണം, അതിൽ സാങ്കേതികവിദ്യ പരമാവധി ഉപയോഗിക്കണം” എന്ന് പ്രധാനമന്ത്രി തന്റെ സന്ദേശത്തിൽ വ്യക്തമാക്കുകയുണ്ടായി.
ടാസ്ക് ഫോഴ്സ് സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വരുംകാല പരീക്ഷകളുടെ വിശ്വാസ്യത നിലനിർത്താൻ ആവശ്യമായ അടിയന്തര നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

