ബെംഗളൂരു ഇലക്ട്രോണിക് സിറ്റിയിൽ അനധികൃത പാർക്കിംഗുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് യുവാക്കളുടെ അക്രമം.
സംഭവത്തിൽ ഉൾപ്പെട്ട രണ്ട് മലയാളി യുവാക്കളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.
ഇന്നലെ വൈകീട്ടാണ് ഇലക്ട്രോണിക് സിറ്റി സെക്കൻഡ് ഫേസിൽ അക്രമസംഭവങ്ങൾ അരങ്ങേറിയത്. ടാക്സി കാറിലെത്തിയ പ്രതികൾ വാഹനം പാർക്ക് ചെയ്യുന്നത് ചോദ്യം ചെയ്തതിനെ തുടർന്നാണ് പ്രശ്നങ്ങളുടെ തുടക്കം.
സ്ഥലമുടമയും ബിഎംടിസി മുൻ കണ്ടക്ടറുമായ രാമചന്ദ്രനെ പ്രതികൾ കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം കാറിൽ രക്ഷപ്പെടാൻ ശ്രമിച്ച പ്രതികൾ ട്രാഫിക് ബ്ലോക്കിൽ കുടുങ്ങിയതോടെ നാട്ടുകാർ വളയുകയായിരുന്നു.
വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയ പ്രതികൾ പ്രകോപനപരമായ രീതിയിൽ പെരുമാറുകയും സമീപത്തെ കടയിൽ നിന്ന് ലഭിച്ച കല്ലുകളും ശീതളപാനീയ കുപ്പികളും ഉപയോഗിച്ച് നാട്ടുകാരെ നേരിടുകയും ചെയ്തു. ജനക്കൂട്ടം തടിച്ചുകൂടിയതോടെ പരിഭ്രമിച്ച പ്രതികൾ സമീപത്തെ ബേക്കറിയിലേക്ക് ഓടിക്കയറി.
തുടർന്ന് നാട്ടുകാർ ബേക്കറിയുടെ ഷട്ടർ താഴ്ത്തി പൂട്ടുകയും ഉടൻ തന്നെ പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. സ്ഥലത്തെത്തിയ പരപ്പന അഗ്രഹാര പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തു.
പ്രതികളുടെ ബാഗ് പരിശോധിച്ചതിൽ വെളുത്ത പൊടി നിറച്ച പാക്കറ്റുകൾ കണ്ടെത്തിയിട്ടുണ്ട്. ഇത് മയക്കുമരുന്നാണോ എന്ന് സ്ഥിരീകരിക്കുന്നതിനായി സാമ്പിൾ പരിശോധനയ്ക്ക് അയച്ചു.
മയക്കുമരുന്ന് വിൽപനയുടെ ഭാഗമാണോ ഇവർ ഇവിടെ എത്തിയതെന്ന് പൊലീസ് പരിശോധിച്ചുവരികയാണ്. പ്രതികളുടെ പേരുവിവരങ്ങൾ പൊലീസ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

