ജൂലൈ 1 മുതൽ 31 വരെ നടക്കുന്ന ഒന്നാം ഘട്ട ജനസംഖ്യാ കണക്കെടുപ്പിനായി കാസർകോട് ജില്ലയിൽ നിയോഗിക്കപ്പെട്ട
2736 ഉദ്യോഗസ്ഥരിൽ 90 ശതമാനത്തോളവും അധ്യാപകരാണെന്നത് വിദ്യാഭ്യാസ മേഖലയിൽ ആശങ്ക ഉയർത്തുന്നു. വിദ്യാലയങ്ങളിലെ ദൈനംദിന പഠന പ്രവർത്തനങ്ങളെ ഈ തീരുമാനം പ്രതികൂലമായി ബാധിക്കുമെന്നാണ് അധ്യാപകരുടെയും രക്ഷിതാക്കളുടെയും പ്രധാന പരാതി.
ജില്ലയിലെ 2307 എന്യൂമറേറ്റർമാരിൽ ഭൂരിഭാഗവും എൽപി മുതൽ എച്ച്എസ് വരെയുള്ള വിഭാഗങ്ങളിലെ അധ്യാപകരാണ്. കൂടാതെ, 366 ഹയർസെക്കൻഡറി അധ്യാപകരെ സൂപ്പർവൈസർമാരായും നിയോഗിച്ചിട്ടുണ്ട്.
ഇവരെക്കൂടാതെ 40 ഫീൽഡ് ട്രെയിനർമാർ, 9 ടെക്നിക്കൽ അസിസ്റ്റന്റുമാർ, മാസ്റ്റർ ട്രെയിനർമാർ, 7 ചാർജ് ഓഫിസർമാർ എന്നിവരെയും ഇതിനായി വിന്യസിച്ചിട്ടുണ്ട്. ജില്ലയിലെ 4 താലൂക്കുകളിലും 3 നഗരസഭകളിലുമായി 2516 ഹൗസ് ലിസ്റ്റിങ് ബ്ലോക്കുകളായാണ് കണക്കെടുപ്പ് ക്രമീകരിച്ചിരിക്കുന്നത്.
ഓരോ ബ്ലോക്കിലും ഭൂഘടനയുടെ അടിസ്ഥാനത്തിൽ 200 മുതൽ 250 വരെ വീടുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്ഥിരം അധ്യാപകരുള്ള വിദ്യാലയങ്ങളിൽ നിന്ന് 50 ശതമാനത്തിൽ താഴെ പേരെ മാത്രമേ ഇത്തരം സേവനങ്ങൾക്കായി നിയോഗിക്കാവൂ എന്ന വ്യവസ്ഥ പലയിടത്തും ലംഘിക്കപ്പെട്ടതായാണ് ആക്ഷേപം.
ബേക്കൽ ഫിഷറീസ് ഗവ. ഹയർസെക്കൻഡറി സ്കൂൾ ഇതിനൊരു ഉദാഹരണമാണ്.
സ്കൂളിലെ ആകെയുള്ള 20 സ്ഥിരം അധ്യാപകരിൽ 15 പേർക്കും ഒരു ഓഫിസ് അസിസ്റ്റന്റിനും ഉൾപ്പെടെ 16 പേർക്കാണ് സെൻസസ് ഡ്യൂട്ടി ലഭിച്ചിരിക്കുന്നത്. 5 മുതൽ 10 വരെ ക്ലാസുകളിലായി 312 വിദ്യാർഥികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ 80 ശതമാനത്തിലധികം അധ്യാപകരെ ഡ്യൂട്ടിക്കായി വിനിയോഗിച്ചത് അക്കാദമിക് പ്രവർത്തനങ്ങളെ സാരമായി ബാധിക്കും.
അധ്യാപകർ സെൻസസ് ഡ്യൂട്ടിക്ക് പോകുമ്പോൾ സ്കൂളിൽ പകരം സംവിധാനം ഏർപ്പെടുത്തുന്നതു സംബന്ധിച്ച് സർക്കാർ ഉത്തരവുകൾ ഇതുവരെ ലഭ്യമായിട്ടില്ല. സ്കൂളിലെത്തി ഒപ്പിട്ടതിനുശേഷം മാത്രമേ സെൻസസ് ഡ്യൂട്ടിക്ക് പോകാൻ പാടുള്ളൂ എന്ന നിർദ്ദേശം പ്രായോഗിക ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ട്.
സ്കൂളിൽ നിന്ന് 10 മുതൽ 15 കിലോമീറ്റർ വരെ അകലെയുള്ള പ്രദേശങ്ങളിൽ ഡ്യൂട്ടി ചെയ്യേണ്ടി വരുമ്പോൾ, നിശ്ചിത സമയത്തിനുള്ളിൽ തിരികെ എത്തുക എന്നത് അധ്യാപകർക്ക് വലിയ വെല്ലുവിളിയാണ്. ഓഗസ്റ്റ് 13 മുതൽ പാദവാർഷിക പരീക്ഷകൾ ആരംഭിക്കാനിരിക്കെ, പാഠഭാഗങ്ങൾ പൂർത്തിയാക്കേണ്ട
അധ്യാപകർക്ക് ലഭിച്ച ഈ അധിക ചുമതല സ്കൂളുകളുടെ പ്രവർത്തനതാളം തെറ്റിക്കുമെന്ന ആശങ്ക ശക്തമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

