തിരുവനന്തപുരം കോർപ്പറേഷനിൽ ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നീക്കങ്ങൾ പ്രതിസന്ധിയിലായി.
പ്രമേയം കൊണ്ടുവരുന്നതിൽ നിലനിൽക്കുന്ന നിയമപരവും സാങ്കേതികവുമായ തടസ്സങ്ങളാണ് പ്രധാന വെല്ലുവിളി. കോർപ്പറേഷനിലെ മൊത്തം അംഗങ്ങളുടെ മൂന്നിലൊന്ന് പേരുടെ പിന്തുണ പ്രമേയത്തിന് ആവശ്യമാണ്.
101 അംഗങ്ങളുള്ള കൗൺസിലിൽ 34 പേരുടെ ഒപ്പ് ഇതിനായി നിർബന്ധമാണ്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ, കോൺഗ്രസിനോ സിപിഎമ്മിനോ ഒറ്റയ്ക്ക് പ്രമേയം അവതരിപ്പിക്കാനുള്ള അംഗബലമില്ല.
ഇരു കക്ഷികളും സംയുക്തമായി നീങ്ങുന്ന കാര്യത്തിൽ ഇതുവരെ ധാരണയിലെത്താനും സാധിച്ചിട്ടില്ല. ഇത്തരമൊരു നീക്കം ഭാവിയിൽ വലിയ രാഷ്ട്രീയ തിരിച്ചടികൾക്ക് കാരണമാകുമെന്ന ആശങ്ക ഇരുവിഭാഗത്തിനുമുണ്ട്.
കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും ആകെ അംഗബലം 49 ആണ്. ഇവരോടൊപ്പം സ്വതന്ത്രനായ സുധീഷ് കൂടി ചേർന്നാലും 50 അംഗങ്ങൾ മാത്രമാണ് പ്രതിപക്ഷ നിരയിലുള്ളത്.
സഭയിൽ അവിശ്വാസ പ്രമേയം ചർച്ചയ്ക്ക് എടുക്കണമെങ്കിൽ മൊത്തം അംഗങ്ങളുടെ പകുതിയിലധികം പേർ, അതായത് കുറഞ്ഞത് 51 അംഗങ്ങളെങ്കിലും ഹാജരാകണം. ഭരണപക്ഷത്തെ സുഗതൻ ഒഴികെയുള്ള മറ്റ് 50 അംഗങ്ങളും (സ്വതന്ത്രൻ രാധാകൃഷ്ണൻ ഉൾപ്പെടെ) സഭയിൽ നിന്ന് വിട്ടുനിൽക്കാൻ ബിജെപി തീരുമാനിച്ചാൽ, ക്വാറം തികയാതെ പ്രമേയം അസാധുവാകും.
പ്രമേയം പാസാകണമെങ്കിൽ 50 ശതമാനത്തിന് മുകളിൽ വോട്ട് ലഭിക്കേണ്ടതും അനിവാര്യമാണ്. ഈ സാഹചര്യത്തിൽ, വിഷയത്തിൽ അന്തിമ തീരുമാനമെടുക്കാൻ കോൺഗ്രസ് ജില്ലാ നേതൃത്വം ഇന്ന് പ്രത്യേക യോഗം ചേരുമെന്നാണ് വിവരം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

