മൂന്ന് പതിറ്റാണ്ടിലേറെയായി ജർമൻ പൊലീസിനെ വെട്ടിച്ച് ഒളിവിലായിരുന്ന മുൻ റെഡ് ആർമി ഫാക്ഷൻ അംഗം ഡാനിയേല ക്ലെറ്റെയ്ക്ക് കോടതി 13 വർഷം തടവ് ശിക്ഷ വിധിച്ചു. നിരോധിത തീവ്ര ഇടത് സംഘടനയിൽ പ്രവർത്തിച്ചിരുന്ന വനിതകളിൽ അധികൃതരുടെ പിടിയിലാകാൻ ബാക്കിയുണ്ടായിരുന്ന അവസാനത്തെ വ്യക്തിയാണ് 67-കാരിയായ ഇവർ.
1999 മുതൽ 2016 വരെയുള്ള കാലയളവിൽ നടന്ന വിവിധ കുറ്റകൃത്യങ്ങളുടെ അടിസ്ഥാനത്തിലാണ് ശിക്ഷാവിധി. നീണ്ട
30 വർഷം നിയമപാലകരുടെ കണ്ണ് വെട്ടിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന ഇവരെ 2024-ലാണ് ജർമൻ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. സായുധ ആക്രമണങ്ങൾ, ആയുധം ഉപയോഗിച്ചുള്ള കൊള്ളകൾ തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരുന്നത്.
വടക്കൻ ജർമനിയിലും പടിഞ്ഞാറൻ ജർമനിയിലുമായി നടന്ന എട്ട് ആക്രമണങ്ങളെ മുൻനിർത്തിയായിരുന്നു വിചാരണ നടപടികൾ പൂർത്തിയായത്. വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് ക്രെയുസ്ബെർഗ് പ്രദേശത്ത് താമസിച്ചിരുന്ന ഇവരെ 2024 ഫെബ്രുവരിയിലാണ് പിടികൂടുന്നത്.
ബാങ്കുകളിലും പണം കൊണ്ടുപോകുന്ന വാഹനങ്ങളിലും സൂപ്പർ മാർക്കറ്റുകളിലും ഇവർ നടത്തിയ കൊള്ളകളിൽ ഏകദേശം 22,25,18,000 രൂപയോളം തട്ടിയെടുത്തിട്ടുണ്ടെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. താൻ ചെയ്ത കുറ്റങ്ങളെ രാഷ്ട്രീയ പ്രവർത്തനമായി ന്യായീകരിക്കാനാണ് പ്രതി ശ്രമിച്ചത്.
മുതലാളിത്തത്തിനും പുരുഷാധിപത്യത്തിനുമെതിരായ പോരാട്ടമാണിതെന്നും, തന്നെ പിടികൂടിയതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും ഇവർ കോടതിയിൽ വാദിച്ചു. മാസങ്ങൾ നീണ്ട
വിചാരണയ്ക്കൊടുവിലാണ് ജർമൻ കോടതി ഇപ്പോൾ ശിക്ഷ പ്രഖ്യാപിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

