പാക്കിസ്ഥാൻ ബന്ധം സംശയിച്ച് പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തിയ അതിഥി തൊഴിലാളി, തന്റെ സംഗീത മികവ് കൊണ്ട് പൊലീസുകാരെയും അമ്പരപ്പിച്ചു. ബേപ്പൂർ തുറമുഖത്ത് ജോലിക്കെത്തിയ പശ്ചിമ ബംഗാൾ സൗത്ത് 24 പർഗനാസ് ജില്ലയിലെ കാക്ദീപ് കൈലാഷ് നഗർ സ്വദേശിയായ ഹിരൺ ദാസ് ആണ് ബേപ്പൂർ പൊലീസ് സ്റ്റേഷനെ തന്റെ ഓടക്കുഴൽ വായനയിലൂടെ സംഗീത സാന്ദ്രമാക്കിയത്.
സമൂഹമാധ്യമങ്ങൾ വഴി പാക്കിസ്ഥാനിൽനിന്ന് ചിലർ തന്നെ ബന്ധപ്പെട്ടതായി സംശയകരമായ സൂചനകൾ ലഭിച്ചതിനെ തുടർന്നാണ് പൊലീസ് ഹിരൺ ദാസിനെ സ്റ്റേഷനിലേക്ക് വരുത്തിയത്. താൻ യാതൊരുവിധ നിയമവിരുദ്ധ പ്രവർത്തനങ്ങളിലും ഏർപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം പൊലീസിന് വിശദീകരണം നൽകി.
തന്റെ ഓടക്കുഴൽ വായനയ്ക്ക് സമൂഹമാധ്യമങ്ങളിൽ പാക്കിസ്ഥാനിൽനിന്നുവരെ ആരാധകരുണ്ടെന്ന വിവരവും അദ്ദേഹം ഉദ്യോഗസ്ഥരുമായി പങ്കുവെച്ചു. തുടർന്ന്, ആ സംഗീത സിദ്ധി ഒരിക്കൽക്കൂടി പുറത്തെടുക്കാൻ പൊലീസ് അദ്ദേഹത്തോട് ആവശ്യപ്പെടുകയായിരുന്നു.
ഒട്ടും വൈകാതെ ‘മേരേ നൈനാ സാവൻ ഭാദോം…’ എന്ന പ്രശസ്തമായ ഹിന്ദി ഗാനം ഓടക്കുഴലിൽ അവതരിപ്പിച്ച് ഹിരൺ ദാസ് സ്റ്റേഷനിലുള്ളവരുടെ മനംകവർന്നു. പിന്നീട്, എപ്പോൾ ആവശ്യപ്പെട്ടാലും സ്റ്റേഷനിൽ ഹാജരാകണമെന്ന കർശന നിർദ്ദേശത്തോടെ അദ്ദേഹത്തെ വിട്ടയക്കുകയുമാണുണ്ടായത്.
പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായാണ് യുവാവിനെ വിളിച്ചുവരുത്തി വിവരങ്ങൾ തേടിയതെന്നും സംഭവത്തിൽ വിശദമായ അന്വേഷണം തുടരുമെന്നും ഫറോക്ക് സ്റ്റേഷൻ അസിസ്റ്റന്റ് കമ്മിഷണർ എ.പ്രേംജിത്ത് വ്യക്തമാക്കി. പൊലീസ് സ്റ്റേഷനിൽ വെച്ച് ഹിരൺ ദാസ് ഓടക്കുഴൽ വായിക്കുന്നതിന്റെ ദൃശ്യങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ പ്രചരിച്ചുകഴിഞ്ഞു.
പാക്കിസ്ഥാനിൽനിന്നു സമൂഹമാധ്യമം വഴി സന്ദേശങ്ങൾ എത്തിയ സംഭവമായതിനാൽ വിവിധ രഹസ്യാന്വേഷണ ഏജൻസികളും പൊലീസിൽനിന്ന് ഇതുസംബന്ധിച്ച വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

