തിരുവനന്തപുരം നഗരത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണത്തിൽ മ്യൂസിയം പോലീസ് കേസെടുത്തു. ഇഡി അസിസ്റ്റന്റ് ഡയറക്ടർ വി.സനത്ത് റെഡ്ഡി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ഭാരതീയ ന്യായ സംഹിതയിലെ 189 (2), 191 (2), 191 (3), 190, 126 (2) തുടങ്ങിയ വിവിധ വകുപ്പുകൾ പ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. മെയ് 27, 2026 ന് നടന്ന സംഭവത്തെക്കുറിച്ചുള്ള എഫ്ഐആറിലെ വിവരങ്ങൾ ഇങ്ങനെയാണ്: മുഖ്യമന്ത്രിയുടെ വസതിക്ക് സമീപം ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് ശേഷം പുറത്തേക്ക് വന്ന ഇഡി ഉദ്യോഗസ്ഥരുടെ വാഹനങ്ങൾക്ക് നേരെയാണ് സംഘടിതമായ ആക്രമണം ഉണ്ടായത്.
‘ഇവൻമാരെ കൊല്ലടാ’ എന്ന് ആക്രോശിച്ചുകൊണ്ട് എത്തിയ മുന്നൂറോളം വരുന്ന അക്രമിസംഘം വടി, കല്ല്, ഇഷ്ടിക തുടങ്ങിയ മാരകായുധങ്ങളുമായി ഉദ്യോഗസ്ഥരെ വളയുകയായിരുന്നു. ആക്രമണത്തിൽ ഇഡി ഉദ്യോഗസ്ഥന്റെ കൈക്ക് പരുക്കേറ്റു.
വാഹനമോടിച്ച ഡ്രൈവറെ ഇഷ്ടിക കൊണ്ട് എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ചതായും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. ഈ സമയം സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ്, സിആർപിഎഫ് ഉദ്യോഗസ്ഥർക്ക് നേരെയും അക്രമികൾ തിരിഞ്ഞു.
വടികളും കല്ലും ഉപയോഗിച്ചുള്ള മർദ്ദനത്തിൽ ഉദ്യോഗസ്ഥർക്ക് ഗുരുതരമായി പരുക്കേറ്റു. ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിന് പുറമെ, ഇഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനങ്ങൾ അക്രമികൾ തകർത്തു.
ഈ സംഭവത്തിൽ ഏകദേശം 3,00,000 രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് പ്രാഥമിക കണക്ക്. കണ്ടാലറിയാവുന്ന മുന്നൂറോളം പേർക്കെതിരെയാണ് മ്യൂസിയം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

