തമിഴ്നാട്ടിൽ ഗോവധം പൂർണമായി നിരോധിച്ചുകൊണ്ട് മദ്രാസ് ഹൈക്കോടതി അസാധാരണ ഉത്തരവ് പുറപ്പെടുവിച്ചു. ബക്രീദ് ആഘോഷങ്ങളോട് അനുബന്ധിച്ച് പൊതുസ്ഥലങ്ങളിൽ കന്നുകാലി കശാപ്പ് അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കവേയാണ് ജസ്റ്റിസ് ജി.ആർ.
സ്വാമിനാഥൻ അധ്യക്ഷനായ ബെഞ്ച് ഇത്തരമൊരു നിർദേശം നൽകിയത്. ബക്രീദ് ദിനത്തിൽ മാത്രമല്ല, സംസ്ഥാനത്ത് എല്ലാ ദിവസങ്ങളിലും ഗോവധം നിരോധിച്ചിരിക്കുന്നുവെന്ന് കോടതി വ്യക്തമാക്കി.
ഈ ഉത്തരവ് കർശനമായി നടപ്പിലാക്കുന്നുണ്ടെന്നും എവിടെയും ലംഘിക്കപ്പെടുന്നില്ലെന്നും സംസ്ഥാന ചീഫ് സെക്രട്ടറിയും ക്രമസമാധാന ചുമതലയുള്ള എഡിജിപിയും ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. ഹർജിയിൽ ഉന്നയിച്ച വിഷയങ്ങളെ കൂടാതെ പശു സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും കോടതി നിരീക്ഷണം നടത്തി.
“ശ്രീകൃഷ്ണന്റെ കാലം മുതൽ പശുവിനെ ആരാധിക്കുന്നുണ്ട്. പല മുസ്ലിം രാജാക്കന്മാരും ഗോവധം നിരോധിച്ചിട്ടുണ്ട്.
പശുവിനെ സംരക്ഷിക്കണം എന്ന് ഗാന്ധിജിയും പറഞ്ഞിട്ടുണ്ട്. പശുവിനെ പൂജിക്കേണ്ടതാണെന്ന് ഭരണഘടനാ നിർമാണസഭയിൽ ചർച്ച ഉണ്ടായെന്നും” കോടതി വിശദീകരിച്ചു.
ഹിന്ദു മക്കൾ കക്ഷി നേതാവ് നൽകിയ ഹർജിയിൽ, അംഗീകൃതമല്ലാത്ത പൊതുസ്ഥലങ്ങളിലും വഴിയരികിലും കന്നുകാലി കശാപ്പിന് അനുമതി നൽകരുതെന്നായിരുന്നു പ്രധാന ആവശ്യം. എന്നാൽ, കോടതി പുറപ്പെടുവിച്ച അന്തിമ ഉത്തരവിൽ സംസ്ഥാനത്ത് ഗോവധം പൂർണമായി നിരോധിക്കുകയായിരുന്നു.
ഹർജിക്കാരൻ ഇത്തരമൊരു ആവശ്യം ഉന്നയിച്ചിരുന്നില്ലെന്നതും ഈ വിധിയുടെ പ്രത്യേകതയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

