കുവൈത്തിലെ തൊഴിൽ വിപണിയിൽ വിദേശ തൊഴിലാളികളുടെ വിസ മാറ്റവുമായി ബന്ധപ്പെട്ട് വലിയ തോതിലുള്ള മാറ്റങ്ങൾ ദൃശ്യമാകുന്നു. നിയന്ത്രിത മേഖലകളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് മറ്റ് തൊഴിൽ മേഖലകളിലേക്ക് മാറുന്നതിനായി കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ മുൻപാകെ ഇതുവരെ ലഭിച്ചത് 11,654 അപേക്ഷകളാണ്.
2024 മെയ് 23 വരെയുള്ള കണക്കുകൾ അടിസ്ഥാനമാക്കിയാണ് ഔദ്യോഗിക സ്ഥിരീകരണം. തൊഴിൽ വിപണിയിലെ സുതാര്യതയും തൊഴിലാളി-തൊഴിലുടമ ബന്ധത്തിലെ ഭദ്രതയും ഉറപ്പാക്കുന്നതിനായി കർശനമായ നിബന്ധനകളാണ് അതോറിറ്റി ഏർപ്പെടുത്തിയിരിക്കുന്നത്.
വിസ മാറ്റത്തിന് നിലവിലുള്ള തൊഴിലുടമയുടെ ഔദ്യോഗിക അനുമതി അത്യന്താപേക്ഷിതമാണെന്നും, നിയമങ്ങൾ ലംഘിച്ചുകൊണ്ടുള്ള യാതൊരുവിധ ലേബർ പരാതികളും ഇളവുകൾക്കായി പരിഗണിക്കില്ലെന്നും അതോറിറ്റി കടുപ്പിച്ചു വ്യക്തമാക്കി. ലഭിച്ച അപേക്ഷകളുടെ മേഖല തിരിച്ചുള്ള കണക്കുകൾ താഴെ പറയുന്നവയാണ്: ചെറുകിട
വ്യവസായ മേഖലയിൽ നിന്നാണ് ഏറ്റവും കൂടുതൽ അപേക്ഷകർ എത്തിയിരിക്കുന്നത്; ആകെ അപേക്ഷകളുടെ 60.2 ശതമാനം അഥവാ 7,016 എണ്ണം ഈ വിഭാഗത്തിൽ നിന്നാണ്. തൊട്ടുപിന്നാലെ 2,160 അപേക്ഷകളുമായി (18.5 ശതമാനം) കാർഷിക മേഖല രണ്ടാം സ്ഥാനത്ത് നിൽക്കുന്നു.
വ്യവസായ മേഖലയിൽ നിന്ന് 1,293 (11.1 ശതമാനം) അപേക്ഷകളും, കന്നുകാലി വളർത്തൽ മേഖലയിൽ നിന്ന് 1,057 (9.1 ശതമാനം) അപേക്ഷകളും സമർപ്പിക്കപ്പെട്ടു. ഏറ്റവും കുറഞ്ഞ അപേക്ഷകൾ റിപ്പോർട്ട് ചെയ്തത് മത്സ്യബന്ധന മേഖലയിൽ നിന്നാണ്; വെറും 128 അപേക്ഷകൾ (1.1 ശതമാനം).
തൊഴിൽ മേഖലയിലെ മെച്ചപ്പെട്ട വരുമാനവും സുരക്ഷിതത്വവും ലക്ഷ്യമിട്ടാണ് കൂടുതൽ തൊഴിലാളികൾ ഈ മാറ്റത്തിന് മുതിരുന്നത്.
അതോറിറ്റിയുടെ ഇലക്ട്രോണിക് സംവിധാനങ്ങൾ വഴി ലഭിക്കുന്ന അപേക്ഷകളുടെ എണ്ണം ജൂൺ അവസാനത്തോടെ വർധിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. അംഗീകൃത നിബന്ധനകൾ പാലിക്കാത്ത അപേക്ഷകൾ തള്ളിക്കളയുമെന്നും, നിലവിലെ തൊഴിൽ നിയമങ്ങൾ പൂർണ്ണമായും പാലിച്ചുകൊണ്ട് മാത്രമേ അപേക്ഷകൾ നടപടിക്രമങ്ങൾക്ക് വിധേയമാക്കുകയുള്ളൂ എന്നും പബ്ലിക് അതോറിറ്റി ഫോർ മാൻപവർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

