ഹാങ്ചൗവിൽ നടന്ന ഏഷ്യൻ ഗെയിംസിൽ രാജ്യത്തിനായി ഇരട്ട വെള്ളി മെഡലുകൾ സ്വന്തമാക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് ഇന്ത്യൻ ഷൂട്ടിങ് താരം വിദർശ വിനോദ് വ്യക്തമാക്കി.
കായികരംഗത്ത് തന്റെ പേര് രാജ്യമറിയണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും ആ സ്വപ്നം യാഥാർഥ്യമാക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും താരം പ്രതികരിച്ചു. സാമ്പത്തികമായി ഏറെ വെല്ലുവിളികൾ നിറഞ്ഞതാണ് ഷൂട്ടിങ് മേഖലയെന്ന് വിദർശ ചൂണ്ടിക്കാട്ടി.
എങ്കിലും ഷൂട്ടിങ്ങിനോടുള്ള അചഞ്ചലമായ താല്പര്യമാണ് മുന്നോട്ട് നയിച്ചത്. സ്വന്തമായി റൈഫിൾ പോലും ഇല്ലാതെ മത്സരരംഗത്ത് പൊരുതേണ്ടി വന്ന അനുഭവങ്ങളും താരം പങ്കുവെച്ചു.
2019-ലെ സംസ്ഥാന തല മത്സരത്തിൽ പങ്കെടുക്കാൻ എനിക്ക് രണ്ട് റൈഫിളുകളുമുണ്ടായിരുന്നില്ല. എയർ റൈഫിൾ മത്സരത്തിന് വേണ്ടി എന്റെ അസോസിയേഷനിലുള്ള ഒരു കുട്ടിയോട് അവൻ ഉപയോഗിക്കാതെ വച്ചിരുന്ന റൈഫിൾ കടം വാങ്ങി.
തലേദിവസം പോയി നിന്റെ റൈഫിൽ എടുത്തോട്ടെ എന്ന് ചോദിച്ചാണ് മത്സരിച്ചത്. അന്ന് സ്റ്റേറ്റിൽ ഗോൾഡ് ഉണ്ടായിരുന്നു.
രണ്ട് മാസം മുൻപാണ് സ്വന്തം റൈഫിൾ വാങ്ങിയത്. അതാണ് ഏഷ്യൻ ഗെയിംസിൽ ഉപയോഗിച്ചത് – വിദർശ വ്യക്തമാക്കി.
സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നും അനുയോജ്യമായ തൊഴിൽ വാഗ്ദാനങ്ങൾ ലഭിക്കുകയാണെങ്കിൽ കേരളത്തിൽ തന്നെ തുടരാനാണ് ആഗ്രഹമെന്നും താരം വ്യക്തമാക്കി. എനിക്ക് കേരളം വിട്ട് പോകാൻ താത്പര്യമില്ല.
നല്ലൊരു ജോലി കിട്ടുകയാണെങ്കിൽ ഇവിടെ തന്നെ തുടരും എന്ന് വിദർശ കൂട്ടിച്ചേർത്തു. വനിതകളുടെ 50 മീറ്റർ ത്രീ റൈഫിൾ വിഭാഗത്തിലാണ് വിദർശ തന്റെ രണ്ടാം വെള്ളി മെഡൽ കരസ്ഥമാക്കിയത്.
വിദർശ വിനോദ്, തിലോത്തമ സെൻ, അഷി ചോക്സി എന്നിവരടങ്ങിയ സംഘമാണ് രാജ്യത്തിനായി ഈ സുവർണ്ണ നേട്ടം കൊയ്തത്. ഈയിനത്തിൽ വിദർശയും തിലോത്തമയും വ്യക്തിഗത ഫൈനലിലേക്കും മുന്നേറിയിരുന്നു.
നേരത്തെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിലും താരം വെള്ളി മെഡൽ സ്വന്തമാക്കിയിരുന്നു. കോഴിക്കോട് തിരുവമ്പാടി സ്വദേശിയായ വിദർശയുടെ അടുത്ത ലക്ഷ്യം ഒളിമ്പിക്സ് മെഡൽ നേട്ടമാണ്.
ഇതിന്റെ മുന്നോടിയായി അടുത്ത മാസം ദോഹയിൽ നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിനായുള്ള കഠിന പരിശീലനത്തിലാണ് ഈ മലയാളി താരം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

