തെന്നിന്ത്യൻ സൂപ്പർ താരം യഷിനെ നായകനാക്കി ഗീതു മോഹൻദാസ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രം ടോക്സിക് ഇന്ന് മുതൽ തിയറ്ററുകളിൽ പ്രദർശനം ആരംഭിക്കുന്നു. കന്നഡ, ഇംഗ്ലീഷ്, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം തുടങ്ങി വിവിധ ഭാഷകളിൽ ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നുണ്ട്.
യഷും ഗീതു മോഹൻദാസും ചേർന്ന് തിരക്കഥ രചിച്ച ഈ ചിത്രം കന്നഡയിലും ഇംഗ്ലീഷിലുമായാണ് ഒരേസമയം ചിത്രീകരിച്ചത്. അധികാരം കൈമാറി വരുന്ന അപകടകരമായ ഒരു പശ്ചാത്തലത്തിലൂടെയാണ് ചിത്രത്തിന്റെ കഥ മുന്നേറുന്നത്.
ബന്ധങ്ങളും സംഘർഷങ്ങളും കഥയുടെ പ്രധാന പ്രമേയങ്ങളായി മാറുന്നു. ക്രൈം, ആഗ്രഹം, കുടുംബം, വിശ്വസ്തത, വഞ്ചന, അധികാരം എന്നിവയെല്ലാം പരസ്പരം ഇഴചേർന്നിരിക്കുന്ന ഒന്നാണ് ഈ സിനിമാലോകം.
വ്യക്തിബന്ധങ്ങളും അധികാരത്തിനായുള്ള വലിയ പോരാട്ടങ്ങളും വേർതിരിക്കാനാകാത്ത ഒരു പശ്ചാത്തലമാണ് ടോക്സിക് കാഴ്ചവെയ്ക്കുന്നത്. മലയാള സിനിമയിൽ നിന്ന് ലോക സിനിമാ ക്യാൻവാസിലേക്കുള്ള ഗീതു മോഹൻദാസിന്റെ കരിയറിലെ നിർണായക ചുവടുവെപ്പ് കൂടിയാണിത്.
ചിത്രത്തിന്റെ ആകർഷണം അതിന്റെ ബ്രഹ്മാണ്ഡ സ്കെയിലിൽ മാത്രം ഒതുങ്ങുന്നതല്ല. കഥാപാത്രങ്ങളെ കേന്ദ്രീകരിച്ച് സംവിധായിക സൃഷ്ടിച്ചിട്ടുള്ള വ്യത്യസ്തമായ ലോകവും ചിത്രത്തിന്റെ പ്രധാന സവിശേഷതയാണ്.
തന്റെ മുൻകാല സിനിമകളിലൂടെ തീവ്രമായ വ്യക്തികഥകളും വ്യത്യസ്തമായ ആഖ്യാനശൈലിയും അവതരിപ്പിച്ചിട്ടുള്ള ഗീതു, ടോക്സിക് ലൂടെ കൂടുതൽ വിശാലമായ ഒരു കാൻവാസിലേക്ക് കടക്കുകയാണ്. കഥാപാത്രങ്ങളുടെ ആഴവും മാനുഷിക വികാരങ്ങളും നിലനിർത്തിക്കൊണ്ട്, ആക്ഷനും ആകാംക്ഷയും ദൃശ്യവിസ്മയവും നിറഞ്ഞ ഒരു വമ്പൻ ഗ്യാങ്സ്റ്റർ ഡ്രാമയാണ് അണിയറപ്രവർത്തകർ ഒരുക്കിയിരിക്കുന്നത്.
നയൻതാര, കിയാര അദ്വാനി, ഹുമ ഖുറേഷി, താര സുതാരിയ, രുക്മിണി വസന്ത് എന്നിവരടങ്ങുന്ന വലിയൊരു താരനിരയും ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്. റായയെയും ടിക്കറ്റിനെയും ചുറ്റിപ്പറ്റിയുള്ള സങ്കീർണമായ ലോകത്തിന് കൂടുതൽ ആഴം നൽകുന്നതാണ് ഈ അഭിനേതാക്കളുടെ കഥാപാത്രങ്ങൾ.
ദേശീയ അവാർഡ് ജേതാവായ രാജീവ് രവി ഛായാഗ്രഹണവും, രവി ബസ്രൂർ സംഗീതവും, ഉജ്വൽ കുൽക്കർണി എഡിറ്റിംഗും, ടി.പി. അബിദ് പ്രൊഡക്ഷൻ ഡിസൈനും നിർവഹിച്ചിരിക്കുന്നു.
ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഹോളിവുഡ് ആക്ഷൻ ഡയറക്ടർ ജെ.ജെ. പെറി (ജോൺ വിക്ക്), ദേശീയ അവാർഡ് ജേതാക്കളായ അൻപറിവ്, ഒപ്പം കേച ഖംഫാക്ഡി എന്നിവർ ചേർന്നാണ് ഒരുക്കിയിരിക്കുന്നത്.
വെങ്കട് കെ. നാരായണയും യാഷും ചേർന്ന് കെവിഎൻ പ്രൊഡക്ഷൻസ്, മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നീ ബാനറുകളിൽ നിർമ്മിക്കുന്ന ടോക്സിക് എന്ന ചിത്രത്തിന്റെ പി.ആർ.ഒ പ്രതീഷ് ശേഖർ ആണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

