സംസ്ഥാനത്ത് തിരുവോണ നാളിൽ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ് പ്രകാരം ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇതിനോടൊപ്പം തന്നെ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. പുലർച്ചെ മുതൽ തന്നെ പല പ്രദേശങ്ങളിലും മഴ പെയ്തുതുടങ്ങിയിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടവിട്ട് മഴ ലഭിച്ചിരുന്നു, പ്രത്യേകിച്ചും വടക്കൻ ജില്ലകളിൽ മഴയുടെ ശക്തി കൂടുതലായിരുന്നു. പ്രധാന അറിയിപ്പുകളുടെ പശ്ചാത്തലത്തിൽ വിനോദസഞ്ചാര വകുപ്പും ഡി.ടി.പി.സികളും കർശന ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.
ജാഗ്രതാ നിർദ്ദേശം നിലനിൽക്കുന്ന ജില്ലകളിലും മഴ വ്യാപകമാകുന്ന സാഹചര്യത്തിലും വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടതാണ്.
കാലാവസ്ഥാ മുന്നറിയിപ്പുകൾ പൂർണ്ണമായും പിൻവലിക്കുന്നത് വരെ ഈ നിയന്ത്രണങ്ങൾ തുടരുന്നതായിരിക്കും. മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യതയുള്ള മലയോര മേഖലകളിലും മഴയൊഴിയുന്നത് വരെ യാത്രകൾക്ക് നിയന്ത്രണം ബാധകമാണ്.
അപകട സാധ്യതയുള്ള റോഡുകളിൽ സുരക്ഷാ ബോർഡുകൾ സ്ഥാപിക്കുകയും ആവശ്യമായ യാത്രാ നിയന്ത്രണങ്ങൾ ഉറപ്പാക്കുകയും വേണം.
ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശങ്ങളിൽ നിന്നും എത്തുന്ന സഞ്ചാരികളിലേക്ക് സുരക്ഷാ നിർദ്ദേശങ്ങൾ കൃത്യമായി എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ഏതെങ്കിലും സഞ്ചാരികൾ അപകടത്തിൽ പെടുകയോ ഒറ്റപ്പെട്ടുപോവുകയോ ചെയ്താൽ ബന്ധപ്പെടേണ്ട
അടിയന്തര സഹായ നമ്പറുകൾ ടൂറിസ്റ്റുകൾക്കിടയിൽ വ്യാപകമായി പ്രചരിപ്പിക്കേണ്ടതാണ്. മുന്നറിയിപ്പ് കാലാവധി കഴിയുന്നത് വരെ 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക കൺട്രോൾ റൂമുകൾ ആരംഭിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.
വിനോദസഞ്ചാര കേന്ദ്രങ്ങളിലെ നിയന്ത്രണങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ മാധ്യമങ്ങൾ വഴിയും നവമാധ്യമങ്ങൾ വഴിയും പൊതുജനങ്ങളെ അറിയിക്കണം. കൂടാതെ പോലീസ്, ദുരന്തനിവാരണ അതോറിറ്റി, ഫയർഫോഴ്സ് എന്നിവയുടെ കൺട്രോൾ റൂമുകളിലേക്കും സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറേണ്ടതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

