ഡൽഹിയിൽ നിന്നും കുറഞ്ഞ നിരക്കിൽ കാറുകൾ വാങ്ങിനൽകാമെന്ന് വിശ്വസിപ്പിച്ച് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കേസിൽ പ്രതി പിടിയിൽ. കാസർകോട് പള്ളിക്കര സ്വദേശിയായ മുഹമ്മദ് തൻസീർ (32) ആണ് ഗുരുവായൂർ പൊലീസിന്റെ പിടിയിലായത്.
ഗുരുവായൂർ താമരയൂർ സ്വദേശി ഫെലിക്സ് ആൻറണി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. 2024 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കുറഞ്ഞ വിലയിൽ മൂന്ന് ഇന്നോവ കാറുകൾ വാങ്ങി നൽകാം എന്ന് വാഗ്ദാനം ചെയ്ത് 22 ലക്ഷം രൂപയാണ് തൻസീർ പരാതിക്കാരനിൽ നിന്ന് കൈക്കലാക്കിയത്. എന്നാൽ ഇതിൽ ഒരു വാഹനം മാത്രം നൽകിയ ശേഷം ഇയാൾ കബളിപ്പിച്ച് മുങ്ങുകയായിരുന്നു.
സമാനമായ രീതിയിൽ പ്രതിക്കെതിരെ മറ്റ് നിരവധി പരാതികളും നിലവിലുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിന് ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെക്കുറിച്ചുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കാസർകോടുനിന്നും പൊലീസ് കസ്റ്റഡിയിലെടുത്തത്.
തുടർനടപടികൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി. ഗുരുവായൂർ എസ്.എച്ച്.ഒ വിപിൻ കെ വേണുഗോപാൽ, എസ്.ഐമാരായ സി.കെ.
ഷാജു, എം.ബി. പ്രേമൻ, സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ ജോസ് പോൾ, ജോമോൻ, ലാൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

