ന്യൂഡൽഹി: സിജെപി പ്രതിഷേധത്തിന്റെ ആദ്യദിനം തന്നെ വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജി സന്നദ്ധത അറിയിച്ചിരുന്നുവെന്ന് ബിജെപി മുതിർന്ന നേതാവും മധ്യപ്രദേശ് മന്ത്രിയുമായ കൈലാഷ് വിജയ്വർഗിയ വെളിപ്പെടുത്തി. രാജി വയ്ക്കണമെന്നാണ് തീരുമാനമെങ്കിൽ അതിനു തയ്യാറാണെന്ന് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീനോട് ധർമേന്ദ്ര പ്രധാൻ പറഞ്ഞിരുന്നതായാണ് അദ്ദേഹത്തിന്റെ പ്രതികരണം.
എന്നാൽ തുടക്കത്തിൽ ഈ രാജി തീരുമാനം അധ്യക്ഷൻ നിരസിക്കുകയാണുണ്ടായത്. പിന്നീട് അത്തരത്തിലുള്ള സാഹചര്യം രൂപപ്പെട്ടതോടെയാണ് പ്രധാൻ രാജി വയ്ക്കണമെന്ന് പാർട്ടി നിർദ്ദേശിച്ചതും, തൊട്ടടുത്ത നിമിഷം അദ്ദേഹം രാജി സമർപ്പിച്ചതും എന്ന് കൈലാഷ് വിജയ് വർഗിയ വ്യക്തമാക്കി.
ഇത് ഒരു നല്ല പാർട്ടി പ്രവർത്തകന്റെ മുഖമുദ്രയാണെന്നും അദ്ദേഹം ഇൻഡോറിൽ കൂട്ടിച്ചേർത്തു. ദേശവിരുദ്ധ ശക്തികൾ സമരത്തെ ചൂഷണം ചെയ്യാൻ തുനിഞ്ഞിറങ്ങിയെന്ന തിരിച്ചറിവിലാണ് പ്രധാൻ രാജിക്കൊരുങ്ങിയത്.
ബംഗ്ലദേശിലും ശ്രീലങ്കയിലും സംഭവിച്ചതുപോലെ അതിക്രമങ്ങളിലൂടെ ഇന്ത്യയെ അസ്ഥിരപ്പെടുത്താമെന്ന് കരുതിയ വിദേശശക്തികൾക്കേറ്റ പ്രഹരമാണ് ധർമേന്ദ്ര പ്രധാന്റെ രാജി. രാജിവച്ചതിൽ അദ്ദേഹത്തിന് പ്രധാനമന്ത്രി നന്ദിയും അറിയിച്ചിട്ടുണ്ട്.
പ്രതിപക്ഷം സിജെപി പ്രതിഷേധത്തെ രാഷ്ട്രീയ ആയുധമാക്കാനുള്ള ശ്രമവും നടത്തി. ബംഗാൾ തിരഞ്ഞെടുപ്പിലെ പരാജയം മറയ്ക്കാൻ കോൺഗ്രസിന് ലഭിച്ച അവസരമായിരുന്നു ജന്തർമന്തറിലെ പ്രതിഷേധമെന്നും വിജയ് വർഗിയ കുറ്റപ്പെടുത്തി.
നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ ദിവസങ്ങൾ നീണ്ടുനിന്ന പ്രതിഷേധത്തിനൊടുവിലാണ് ധർമേന്ദ്ര പ്രധാൻ രാജിവച്ചത്. ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി സിജെപിയും പ്രതിപക്ഷവും സമരം കടുപ്പിച്ചതിന് പിന്നാലെയാണ് കേന്ദ്ര സർക്കാരിന് ഈ തീരുമാനത്തിലേക്ക് എത്തേണ്ടി വന്നത്.
ഇതിനു പിന്നാലെ കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതലയും നൽകിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

