ഉത്തർപ്രദേശിലെ മീററ്റിൽ ഐഫോൺ തിരികെ ആവശ്യപ്പെട്ടുള്ള ദമ്പതികളുടെ വഴക്ക് നടുറോഡിൽ സംഘർഷത്തിൽ കലാശിച്ചു. വിവാഹസമയത്ത് താൻ സമ്മാനമായി നൽകിയ ഐഫോൺ മടക്കിനൽകണമെന്ന് ആവശ്യപ്പെട്ടാണ് ഭാര്യ രംഗത്തെത്തിയത്.
സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. മീററ്റ് സ്വദേശിനിയായ സോനവും ജിം ട്രെയിനറായ ഭർത്താവ് സഞ്ജിത് ഭാരതിയും തമ്മിലാണ് പരസ്യമായി ഏറ്റുമുട്ടിയത്.
മീററ്റ് സിവിൽ ലൈൻ പൊലീസ് സ്റ്റേഷൻ പരിധിയിലെ വിക്ടോറിയ പാർക്കിന് സമീപത്താണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. സോനം ഐഫോൺ ആവശ്യപ്പെട്ടെങ്കിലും സഞ്ജിത് ഭാരതി ഇത് നൽകാൻ തയ്യാറായില്ല.
തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും, സോനം ഭർത്താവിന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ച് വലിച്ച് കീറുകയും ചെയ്തു. ഇതിനുപിന്നാലെ കീറിയ ഷർട്ട് ഊരിമാറ്റി അർദ്ധനഗ്നനായി സഞ്ജിത് ഭാരതി തിരക്കേറിയ റോഡിലൂടെ നടന്നുപോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
വഴിയാത്രക്കാർ നോക്കിനിൽക്കെയായിരുന്നു ഈ സംഘർഷം. സംഭവസമയത്ത് സോനം ഫോണിൽ മറ്റാരോടോ സംസാരിക്കുന്നുണ്ടായിരുന്നു.
നടുറോഡിൽ ആളുകൾ തടിച്ചുകൂടിയതോടെ പ്രദേശത്ത് ഏതാനും മിനിറ്റുകൾ ഗതാഗത തടസ്സവും അനുഭവപ്പെട്ടു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ജനങ്ങളെ പിരിച്ചുവിടുകയായിരുന്നു.
ഇവർക്കിടയിൽ മുൻപും നിരന്തരം വഴക്കുകൾ ഉണ്ടായിരുന്നതായി നാട്ടുകാർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. നിലവിൽ ഇരുവരും വേർപിരിഞ്ഞാണ് താമസിക്കുന്നത്.
സഞ്ജിത് ഭാരതി ഭാര്യ സോനത്തിന് ജീവനാംശം നൽകുന്നുണ്ടെന്നും, ഇതുമായി ബന്ധപ്പെട്ട കേസ് കോടതിയുടെ പരിഗണനയിലാണെന്നും അധികൃതർ വ്യക്തമാക്കി.
വിവാഹ സമ്മാനമായി നൽകിയ ഫോൺ തിരികെ ചോദിച്ചതാണ് പ്രശ്നം വഷളാകാൻ കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

