വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സമാജ്വാദി പാർട്ടിയുമായി സഖ്യത്തിലേർപ്പെടാൻ താൽപര്യം പ്രകടിപ്പിച്ച് എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി രംഗത്ത്. സഖ്യചർച്ചകൾക്കായി വൈകാതെ തന്നെ നടപടികൾ സ്വീകരിക്കണമെന്നും ഇത് അനുയോജ്യമായ സമയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മുറാദാബാദിൽ സംഘടിപ്പിച്ച ഒരു പൊതുയോഗത്തിൽ സംസാരിക്കവെയാണ് ഉവൈസിയുടെ പ്രതികരണം. ‘‘ഉത്തർപ്രദേശിൽ വീണ്ടും ബിജെപി സർക്കാർ അധികാരത്തിൽ വരാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല.
കൈകോർക്കാൻ ഞാൻ തയാറാണ്. സഖ്യമുണ്ടാക്കാൻ തയാറാണ്.
ഇത് കൃത്യമായ സമയമാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം പിന്നെ കരഞ്ഞിട്ട് കാര്യമുണ്ടാകില്ല’’– അദ്ദേഹം വ്യക്തമാക്കി.
തന്റെ സാന്നിധ്യം തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന വാദങ്ങളെയും ഉവൈസി തള്ളിക്കളഞ്ഞു. ‘‘ഉവൈസി മത്സരിക്കുന്നത് ദോഷകരമാകുമെന്ന് നിങ്ങൾ പറയുന്നു.
ഞാൻ നിങ്ങളോടൊപ്പം പോരാടാൻ തയാറാണ്. ഞങ്ങളുടെ പോരാട്ടം അഭിമാനത്തിനും നീതിക്കും വേണ്ടിയാണ്.
ഞങ്ങൾക്ക് സമത്വം വേണം. അഖിലേഷ് കസേരയുടെ മുന്നിലിരിക്കുകയാണെങ്കിൽ ഉവൈസി ആ കസേരയ്ക്ക് മുന്നിൽ കാലിനു മുകളിൽ കാൽ കയറ്റിവച്ച് അവകാശങ്ങളെയും നീതിയേയും കുറിച്ച് സംസാരിക്കും’’– അദ്ദേഹം കൂട്ടിച്ചേർത്തു.
ഉവൈസിയുടെ സഖ്യാഹ്വാനത്തിനെതിരെ ഭാരതീയ ജനതാ പാർട്ടിയും രംഗത്തെത്തി. ‘‘അഖിലേഷ് യാദവും ഉവൈസിയും പ്രീണന രാഷ്ട്രീയത്തിൽ മത്സരിക്കുകയാണ്.
‘ആരാണ് വലിയ ഭായിജാൻ’ (വലിയ പ്രീണനം നടത്തുന്നയാൾ) എന്ന മത്സരം ഉപേക്ഷിച്ച് ‘ഭായിജാൻ കൂട്ടുകെട്ട്’ ഉണ്ടാക്കാമെന്നാണ് അവർ പറയുന്നത്’’– ബിജെപി വക്താവ് ഷെഹ്സാദ് പൂനാവാല വിമർശിച്ചു. സഖ്യ നീക്കത്തോടുള്ള അഖിലേഷ് യാദവിന്റെ ഭാഗത്തുനിന്ന് ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല.
വരുന്ന 2027-ലാണ് ഉത്തർപ്രദേശിൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

