ഇന്ത്യൻ ഓഹരി വിപണിയിൽ വരും മാസം വൻ മുന്നേറ്റത്തിന് കളമൊരുങ്ങുന്നു. ക്വിക്ക് കൊമേഴ്സ് പ്ലാറ്റ്ഫോമായ സെപ്റ്റോ അടക്കം പന്ത്രണ്ടോളം പ്രമുഖ കമ്പനികൾ അടുത്ത മാസം പ്രാരംഭ ഓഹരി വിൽപ്പനയ്ക്ക് (ഐപിഒ) ഒരുങ്ങുകയാണ്.
ഇതിലൂടെ ഏകദേശം 25,000 കോടി രൂപ വിപണിയിൽ നിന്ന് സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. യുഎസ് – ഇറാൻ സംഘർഷത്തെ തുടർന്ന് താത്കാലികമായി പരുങ്ങലിലായ ഇന്ത്യൻ വിപണി ശക്തമായ തിരിച്ചുവരവിന്റെ ലക്ഷണങ്ങൾ കാണിച്ചതോടെയാണ് വിവിധ സ്ഥാപനങ്ങൾ ഐപിഒ നടപടികൾ വേഗത്തിലാക്കിയത്.
വരുന്ന മാസം വിപണിയിലെത്തുന്ന ഏറ്റവും വലിയ ഐപിഒകളിൽ പ്രമുഖ സ്ഥാനം സെപ്റ്റോയ്ക്കാണ്. 8010 കോടി രൂപയുടെ നിക്ഷേപ അവസരമാണ് കമ്പനി ഇതിലൂടെ ഒരുക്കുന്നത്.
പുതിയ ഓഹരികളുടെ ഫ്രഷ് ഇഷ്യൂവിനൊപ്പം നിലവിലത്തെ നിക്ഷേപകർ തങ്ങളുടെ ഓഹരികൾ വിറ്റഴിക്കുന്ന ഓഫർ ഫോർ സെയിലും (ഒഎഫ്എസ്) ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി 11.34 കോടി ഓഹരികൾ ഓഫർ ഫോർ സെയിൽ വഴി വിപണിയിലെത്തും.
ഹൗസിങ് ഫിനാൻസ് മേഖലയിൽ ശക്തമായ സാന്നിധ്യമുള്ള ട്രൂഹോം 3000 കോടി രൂപയുടെ ഐപിഒയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ 1500 കോടി രൂപ വീതമുള്ള ഫ്രഷ് ഇഷ്യൂവും ഒഎഫ്എസും ഉൾപ്പെടുന്നു.
പ്രമുഖ എഡ്ടെക് പ്ലാറ്റ്ഫോമായ എലവേറ്റ് ക്യാംപസസ് പൂർണ്ണമായും ഫ്രഷ് ഇഷ്യൂവിലൂടെ 2250 കോടി രൂപയാണ് സമാഹരിക്കുന്നത്. ‘ഇന്ത്യയുടെ ഷോപ്പിഫൈ’ എന്ന വിശേഷണമുള്ള ഇ-കൊമേഴ്സ് എനേബ്ള്മെന്റ് പ്ലാറ്റ്ഫോമായ ഷിപ്റോക്കറ്റ് 2342 കോടി രൂപ സമാഹരിക്കുന്നതിന്റെ ഭാഗമായി ഐപിഒയുമായി രംഗത്തെത്തുന്നുണ്ട്.
ഇതിൽ 1100 കോടി രൂപയുടെ ഒഎഫ്എസും 1242 കോടി രൂപയുടെ ഫ്രഷ് ഇഷ്യൂവുമാണ് ഉള്ളത്. തമിഴ്നാട്ടിൽ വേരുകളുള്ള പ്രമുഖ പാലുൽപന്ന ബ്രാൻഡായ മിൽക്കി മിസ്റ്റ് ആണ് അടുത്ത മാസം ഐപിഒയ്ക്ക് തയ്യാറെടുക്കുന്ന മറ്റൊരു പ്രധാന സ്ഥാപനം.
1997-ൽ സ്ഥാപിതമായ ഈ കമ്പനി 1553 കോടി രൂപ സമാഹരിക്കാനാണ് സെബിയുടെ അനുമതി തേടിയിട്ടുള്ളത്. ക്ഷീരോൽപന്ന മേഖലയിൽ ഒരു ഇന്ത്യൻ കമ്പനി നടത്തുന്ന എക്കാലത്തെയും വലിയ ഐപിഒ ആണിതെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.
ഇതിനു മുന്നോടിയായി പ്രീ ഐപിഒ റൗണ്ടിൽ കമ്പനി 482 കോടി രൂപ സമാഹരിച്ചിരുന്നു. കൂടാതെ, ഇന്നോവേറ്റീവ് ഇന്ത്യ 2000 കോടി രൂപയും ഇതോടൊപ്പം സമാഹരിക്കും.
ഇവയ്ക്ക് പുറമേ ധൂത് ട്രാൻസ്മിഷൻ, അസറ്റ് റീകൺസ്ട്രക്ഷൻ കമ്പനി, ഗജ ഓൾട്രനേറ്റീവ് അസറ്റ് മാനേജ്മെന്റ്, റേയ്സ് ഓഫ് ബിലീഫ്, എച്ച്വൈ ടെക്, ശങ്കേഷ് ജ്വല്ലേഴ്സ് തുടങ്ങിയ കമ്പനികളും വരും ദിവസങ്ങളിൽ തങ്ങളുടെ ഐപിഒ പ്രഖ്യാപനങ്ങൾ ഔദ്യോഗികമായി പുറത്തുവിടും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

