ചെന്നൈയിൽ എസ്.ബി.ഐ ബാങ്ക് മാനേജരെ മർദ്ദിച്ച സംഭവത്തിൽ മുൻ കേന്ദ്രമന്ത്രി എം.കെ. അളഗിരിയുടെ മകൾ കയൽവിഴിക്കെതിരെ ചെന്നൈ പൊലീസ് കേസെടുത്തു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാനേജരെയാണ് ഇവർ കയ്യേറ്റം ചെയ്തത്. ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ ബാങ്കിലെ സി.സി.ടി.വി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.
കയൽവിഴിയുടെ ഉടമസ്ഥതയിലുള്ള കമേഴ്ഷ്യൽ കെട്ടിടത്തിലാണ് എസ്.ബി.ഐയുടെ അടയാർ ബ്രാഞ്ച് പ്രവർത്തിക്കുന്നത്. ഈ കെട്ടിടത്തിലെ തകരാറിലായ ലിഫ്റ്റ് നന്നാക്കണമെന്ന് ബാങ്ക് മാനേജർ കയൽവിഴിയോട് അഭ്യർത്ഥിച്ചിരുന്നു.
തുടർന്നുണ്ടായ തർക്കമാണ് ഒടുവിൽ മർദ്ദനത്തിൽ കലാശിച്ചത്. മറ്റൊരു വ്യക്തിക്കൊപ്പം ഓഫീസിൽ ഇരുന്ന് ബാങ്ക് മാനേജരുമായി സംസാരിക്കുന്നതിനിടയിൽ തർക്കമുണ്ടാവുകയും, കയൽവിഴി പെട്ടെന്ന് എഴുന്നേറ്റ് മാനേജരുടെ കരണത്ത് അടിക്കുകയുമായിരുന്നു.
ബാങ്ക് മാനേജർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ബാങ്കിലെ ചീഫ് മാനേജരാണ് പൊലീസിൽ പരാതി നൽകിയത്. സി.സി.ടി.വി ദൃശ്യങ്ങൾ തെളിവായി സ്വീകരിച്ച് നിയമത്തിലെ നാല് വകുപ്പുകൾ പ്രകാരമാണ് ചെന്നൈ പൊലീസ് കയൽവിഴിക്കെതിരെ കേസെടുത്തിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

