ഹോർമൂസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പുനസ്ഥാപിക്കപ്പെട്ടതോടെ ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില യുദ്ധത്തിനു മുൻപുള്ള നിലവാരത്തിലേക്ക് താഴ്ന്നു. എണ്ണ ഇറക്കുമതിയെ ആശ്രയിക്കുന്ന ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് സാമ്പത്തിക മേഖലയ്ക്ക് വലിയൊരു ആശ്വാസമാണ്.
ഇറക്കുമതി ചെലവിലും പണപ്പെരുപ്പ ഭീഷണിയിലും കുറവുണ്ടായെങ്കിലും, പെട്രോൾ, ഡീസൽ വിലയിൽ ഉടനടി കുറവുണ്ടാകുമോ എന്ന ചോദ്യം സാമ്പത്തിക വിദഗ്ധർ ഉയർത്തുന്നു. യുദ്ധത്തിനു മുൻപുള്ള നിരക്കിലേക്ക്
ഇറാനും യുഎസും തമ്മിലുള്ള 60 ദിവസത്തെ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നതോടെ ക്രൂഡ് ഓയിൽ വില ബാരലിന് 75 ഡോളറിൽ താഴെയായി.
ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതി ചെലവും ഇതോടെ ഗണ്യമായി കുറഞ്ഞു. ഇന്ത്യ വാങ്ങുന്ന ക്രൂഡോയിലിന്റെ ശരാശരി വിലയായ ‘ഇന്ത്യൻ ക്രൂഡ് ബാസ്ക്കറ്റ്’ യുദ്ധത്തിനു മുൻപുള്ള അവസ്ഥയിലേക്ക് മടങ്ങിയെത്തി.
ഫെബ്രുവരിയിൽ 69 ഡോളറായിരുന്ന വില, മാർച്ചിൽ 113.49 ഡോളറിലേക്കും ഏപ്രിലിൽ 114.48 ഡോളറിലേക്കും കുതിച്ചുയർന്നിരുന്നു. മേയിൽ 106.23 ഡോളറിലേക്കും ജൂണിൽ ശരാശരി 86.31 ഡോളറിലേക്കും വില താഴ്ന്നു.
പെട്രോളിയം പ്ലാനിങ് ആൻഡ് അനാലിസിസ് സെല്ലിന്റെ കണക്കു പ്രകാരം ജൂൺ 24ന് ഇത് 70.71 ഡോളറിലെത്തി. യുദ്ധം തുടങ്ങിയതിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്.
എണ്ണക്കമ്പനികളുടെ നിലവിലെ ലാഭം
പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് പ്രതിദിനം 700 കോടി രൂപ വരെ നഷ്ടമുണ്ടെന്നായിരുന്നു കുറച്ചു ദിവസങ്ങൾക്ക് മുൻപ് കേന്ദ്ര സർക്കാർ അറിയിച്ചിരുന്നത്. ക്രൂഡോയിൽ വില കുറഞ്ഞ സാഹചര്യത്തിൽ പുതുക്കിയ കണക്കുകൾ സർക്കാർ പുറത്തുവിട്ടിട്ടില്ലെങ്കിലും, പൊതുമേഖലാ കമ്പനികൾ മികച്ച ലാഭത്തിലാണ് പ്രവർത്തിക്കുന്നതെന്ന് വിപണി നിരീക്ഷകർ വിലയിരുത്തുന്നു.
പെട്രോൾ വിൽപന ഇപ്പോൾ ലാഭകരമാണെങ്കിലും ഡീസൽ വിൽപനയിൽ ഇപ്പോഴും നഷ്ടം തുടരുന്നുണ്ട്. ഇറക്കുമതി ചെലവ് വർധിച്ചെന്ന പേരിൽ മേയിൽ പെട്രോൾ ലിറ്ററിന് 7.5 രൂപയോളം വർധിപ്പിക്കുകയും, പിന്നീട് എക്സൈസ് ഡ്യൂട്ടിയിൽ 10 രൂപയുടെ കുറവ് വരുത്തുകയും ചെയ്തിരുന്നു.
എങ്കിലും, ക്രൂഡോയിൽ വിലയുടെ ആനുകൂല്യം ലഭിക്കാൻ ഏതാനും ആഴ്ചകൾ കാത്തിരിക്കേണ്ടി വരുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. രാജ്യാന്തര വിപണിയിലെ മാറ്റങ്ങൾ രാജ്യത്തെ ഇന്ധന വിലയിൽ ഉടൻ പ്രതിഫലിക്കാറില്ല.
യുദ്ധത്തെത്തുടർന്ന് വില കുതിച്ചുയർന്നിട്ടും രണ്ടര മാസത്തിന് ശേഷമാണ് ഇന്ത്യയിൽ ഇന്ധന വില വർധിപ്പിച്ചത്. അതിനാൽ നഷ്ടം നികത്താനെന്ന പേരിൽ ഉയർന്ന നിരക്കിലുള്ള വിൽപന കേന്ദ്രസർക്കാർ ഇനിയും തുടരാൻ അനുവദിക്കാനാണ് സാധ്യത.
വിപണി വിദഗ്ധരുടെ നിലപാട്
രാജ്യാന്തര വിപണിയിൽ വില കുറഞ്ഞ സാഹചര്യത്തിൽ പെട്രോൾ പമ്പുകളിലെ വിലയിലും അത് പ്രതിഫലിക്കണമെന്ന് വിപണി വിദഗ്ധനായ അജയ് ബഗ്ഗ ആവശ്യപ്പെട്ടു. ജൂൺ 23ന് ഇന്ത്യൻ ക്രൂഡോയിൽ ബാസ്ക്കറ്റ് 74.34 ഡോളറിലെത്തിയ സ്ഥിതിക്ക് ഇന്ധന വില കുറയ്ക്കാൻ ഇത് അനുയോജ്യമായ സമയമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
എണ്ണക്കമ്പനികളെ അമിത ലാഭം നേടാൻ അനുവദിക്കരുതെന്നും, യാത്രാക്കൂലി അടക്കമുള്ള ഭാരം പേറുന്ന ഉപഭോക്താക്കൾക്ക് ഈ ആനുകൂല്യം ലഭ്യമാക്കണമെന്നും അജയ് ബഗ്ഗ സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

