കാസർകോട് കസബ ബീച്ചിലേക്കുള്ള യാത്രാമധ്യേ സഞ്ചാരികളെ വരവേൽക്കുന്നത് ഇപ്പോൾ മനോഹരമായ കാഴ്ചകളാണ്. കടലിന്റെയും ആകാശത്തിന്റെയും പശ്ചാത്തലത്തിൽ റോഡിന്റെ ഇരുവശവും ചെടികൾ നട്ടുപിടിപ്പിച്ചതോടെ പ്രദേശം അതീവ മനോഹരമായി മാറിയിരിക്കുന്നു.
കാസർകോട് മത്സ്യബന്ധന തുറമുഖം, പുലിമുട്ട് എന്നിവയ്ക്കൊപ്പം ചന്ദ്രഗിരി പുഴ കടലിൽ ചേരുന്ന സംഗമഭൂമിയുടെ മനോഹാരിതയും സന്ദർശകർക്ക് നവ്യാനുഭവം പകരുന്നു. മത്സ്യബന്ധന തുറമുഖത്തേക്കുള്ള 1.8 കിലോമീറ്റർ മെക്കാഡം റോഡിൽ തുറമുഖ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന് സമീപമുള്ള 600 മീറ്റർ ദൂരത്താണ് ഇപ്പോൾ നാലുവരിപ്പാതയൊരുക്കി അലങ്കാര ചെടികൾ നട്ടുപിടിപ്പിച്ചിരിക്കുന്നത്.
നാലിടങ്ങളിലായി സജ്ജീകരിച്ചിട്ടുള്ള ഉദ്യാനങ്ങളിൽ വിവിധയിനം ചെടികളും സഞ്ചാരികൾക്കായി വിശ്രമിക്കാൻ ഇരിപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട്. ഡെസ്മോഡിയം ഗോൾഡ്, റെഡ് പാം, ബൊഗേൻവില്ല, ബദാം മരം, ബിസ്മാർക്ക് ഈന്തപ്പന, കലാത്തിയ ലൂട്ടിയ, ബുദ്ധമുള, മഞ്ഞ മുള, ടെട്രാക്ലിനിസ്, തെങ്ങ് തുടങ്ങിയ വൈവിധ്യമാർന്ന സസ്യങ്ങളാണ് ഇവിടെ നട്ടിരിക്കുന്നത്.
ഇതിനുപുറമെ, റോഡിൽ നിന്ന് അൽപം അകലെയായി സാമൂഹിക വനവൽക്കരണ വിഭാഗത്തിന്റെ സഹകരണത്തോടെ നീർമരുത്, വേപ്പ് തുടങ്ങിയ അഞ്ഞൂറോളം വൃക്ഷത്തൈകൾ മൂന്നു നിരകളായി നട്ടുപിടിപ്പിച്ചിട്ടുണ്ട്. കസബ ബീച്ചിലെത്തുന്ന സഞ്ചാരികളുടെ എണ്ണം വർധിപ്പിക്കാൻ ഈ നവീകരണ പ്രവർത്തനങ്ങൾ വലിയ രീതിയിൽ സഹായിക്കുമെന്നാണ് വിലയിരുത്തൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

