ഖത്തറിലെ **റാസ് ലഫാൻ** എൽഎൻജി പ്ലാന്റിലുണ്ടായ സ്ഫോടനത്തിൽ മരണപ്പെട്ട കോഴിക്കോട് വടകര തൂണേരി സ്വദേശി **അർജുന്റെ** (30) മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും.
പുലർച്ചെ 2.30-ഓടെ കോഴിക്കോട് വിമാനത്താവളത്തിൽ എത്തിക്കുന്ന മൃതദേഹം, തുടർന്ന് രാവിലെ 5 മണിയോടെ തൂണേരിയിലെ വസതിയിൽ എത്തിക്കും. സംസ്കാര ചടങ്ങുകൾ രാവിലെ 8 മണിക്ക് വീട്ടുവളപ്പിൽ നടക്കും.
പുറമേരി വെള്ളൂർ കളരിയുള്ളതിൽ ബാബുവിന്റെയും സീനയുടെയും മകനാണ് **അർജുൻ**. വിസ്മയയാണ് സഹോദരി.
കഴിഞ്ഞ വർഷം ജനുവരിയിലായിരുന്നു അർജുനും വാണിമേൽ പുതുക്കയം സ്വദേശി അതുല്യയുമായുള്ള വിവാഹം നടന്നത്. കഴിഞ്ഞ നാല് വർഷമായി ദുബായിലെ സ്വകാര്യ കമ്പനിയിൽ പ്ലാന്റ് സൂപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്നു **അർജുൻ**.
ആറ് മാസം മുൻപാണ് കരാർ കമ്പനി വഴി ഇദ്ദേഹം ഖത്തറിലേക്ക് ജോലി മാറി എത്തിയത്. കഴിഞ്ഞ ഞായറാഴ്ച രാത്രി ഖത്തറിനെ നടുക്കിയ ദാരുണമായ സ്ഫോടനത്തിൽ 12 ഇന്ത്യക്കാരും ഒരു പാക്കിസ്ഥാൻ സ്വദേശിയുമാണ് മരണപ്പെട്ടത്.

