തിരുവനന്തപുരം പാറശാല തിരുനാരായണപുരം പേരൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ മോഷണത്തിനെത്തിയ രണ്ടുപേരെ ക്ഷേത്ര ഭാരവാഹികളും നാട്ടുകാരും ചേർന്ന് പിടികൂടി. പാറശാല കുറുങ്കുട്ടി സ്വദേശി സതീഷ് കുമാർ(44), അമ്പൂരി തേക്കുപാറ കീഴ്കുത്തൂർ നിഷഭവനിൽ രതീഷ് (39) എന്നിവരാണ് പിടിയിലായതെന്ന് പോലീസ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം രാത്രി 12.50 ഓടെയായിരുന്നു സംഭവം നടന്നത്. മോഷ്ടാക്കൾ ക്ഷേത്ര കോമ്പൗണ്ടിലേക്ക് പ്രവേശിച്ച ഉടൻ തന്നെ, അവിടെ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകൾ നൽകിയ മുന്നറിയിപ്പ് സന്ദേശം ഭാരവാഹികളുടെ മൊബൈൽ ഫോണുകളിൽ ലഭിച്ചു.
ഇതുകാരണമാണ് ഉടൻതന്നെ നാട്ടുകാരെയും കൂട്ടി ഭാരവാഹികൾക്ക് ക്ഷേത്രത്തിലെത്താൻ സാധിച്ചത്. ക്ഷേത്രത്തിലെത്തി തൊഴുതു നിന്നതിന് ശേഷമായിരുന്നു പ്രതികളുടെ മോഷണശ്രമം.
മതിൽ ചാടിക്കടന്നാണ് ഇവർ ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ചത്. ബലിക്കല്ലുകളിൽ നിന്ന് ഇളക്കിമാറ്റിയ പിത്തള കവചങ്ങളും, പ്രതികൾ കൊണ്ടുവന്ന വെട്ടുളി, ചുറ്റിക, കമ്പി തുടങ്ങിയ ഉപകരണങ്ങളും മതിലിന് പുറത്തുനിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
സംഭവസ്ഥലത്തുനിന്നും ഒരാളെ ഭാരവാഹികൾ പിടികൂടിയെങ്കിലും രണ്ടാമൻ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് നാട്ടുകാർ പിന്തുടർന്ന് കുറുങ്കുട്ടി ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിന് സമീപത്തുവെച്ച് ഇയാളെയും പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.
ഇവർ നേരത്തെയും നിരവധി മോഷണക്കേസുകളിൽ പ്രതികളാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സിസിടിവി ക്യാമറകൾ സ്ഥാപിച്ചതിന് ശേഷം ഈ ക്ഷേത്രത്തിൽ നടക്കുന്ന മൂന്നാമത്തെ മോഷണശ്രമമാണിതെന്ന് ഭാരവാഹികൾ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

