സംസ്ഥാനത്ത് കാലവർഷം എത്തുന്നതിന്റെ ഭാഗമായി വ്യാപക മഴ തുടരുന്നതിനിടെ, ആലപ്പുഴ ഉൾപ്പെടെയുള്ള ജില്ലകളുടെ തീരപ്രദേശങ്ങളിൽ ‘കള്ളക്കടൽ’ പ്രതിഭാസത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ദേശീയ സമുദ്ര സ്ഥിതിപഠന ഗവേഷണ കേന്ദ്രം പുറപ്പെടുവിച്ച റിപ്പോർട്ടനുസരിച്ച്, 27-ന് രാവിലെ 5.30 മുതൽ 28-ന് രാത്രി 11.30 വരെയാണ് ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുള്ളത്.
ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെയുള്ള തീരങ്ങളിൽ 0.7 മുതൽ 1.5 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ എത്തിയേക്കാം. അതിനാൽ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും അതീവ ജാഗ്രത പാലിക്കണമെന്നും, കേരള-ലക്ഷദ്വീപ് തീരങ്ങളിൽ 27 വരെ മത്സ്യബന്ധനത്തിന് പോകരുതെന്നും നിർദ്ദേശമുണ്ട്.
ഈ പ്രദേശങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും, ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. കാലാവസ്ഥാ വകുപ്പിന്റെ കണക്കുപ്രകാരം തെക്കുപടിഞ്ഞാറൻ കാലവർഷം മൂന്ന് ദിവസത്തിനുള്ളിൽ കേരളത്തിൽ പ്രവേശിക്കുമെന്നാണ് വിലയിരുത്തൽ.
ബംഗാൾ ഉൾക്കടൽ മുതൽ തെക്കുകിഴക്കൻ അറബിക്കടൽ വരെ ന്യൂനമർദപ്പാത്തി നിലനിൽക്കുന്നതിനാൽ 29 വരെ സംസ്ഥാനത്തും മാഹിയിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്.
ആലപ്പുഴ ജില്ലയിൽ 27 വരെ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ 26-നും ജില്ലയിൽ മഞ്ഞ അലർട്ട് തുടരും.
ശ്രീലങ്കയുടെ മധ്യഭാഗത്തെത്തിയ കാലവർഷം മന്ദഗതിയിലാണ് വടക്കോട്ട് നീങ്ങുന്നത്. നിലവിൽ സംസ്ഥാനത്തെ തെക്കൻ, മധ്യ ജില്ലകളിൽ കാലവർഷത്തിന് സമാനമായ മഴയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

