രാജ്യത്തെ സാമ്പത്തിക മേഖലയിൽ സ്വർണ വായ്പകൾ നിർണായക വളർച്ച രേഖപ്പെടുത്തുന്നു. മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് (2025-26) 50 ശതമാനം വർധനവോടെ സ്വർണ വായ്പകളുടെ ആകെ മൂല്യം 19 ലക്ഷം കോടി രൂപയായി ഉയർന്നു.
ചെറുകിട വായ്പാ വിപണിയിൽ മറ്റ് വിഭാഗങ്ങളെ പിന്തള്ളിയാണ് സ്വർണ വായ്പകൾ ഈ മുന്നേറ്റം നടത്തിയിരിക്കുന്നത്.
ഒരു പ്രമുഖ ക്രെഡിറ്റ് സർവീസ് കമ്പനിയുടെ റിപ്പോർട്ട് പ്രകാരം, ഡോളർ നിരക്കിൽ സ്വർണ വിലയിലുണ്ടായ 36 ശതമാനം വർധനവാണ് ഈ മേഖലയിലെ കുതിപ്പിന് പ്രധാന കാരണം. ഉപഭോക്താക്കളുടെ മനോഭാവത്തിലുണ്ടായ മാറ്റവും ഈ മാറ്റത്തിന് ആക്കം കൂട്ടി.
നേരത്തെ അടിയന്തര സാഹചര്യങ്ങളിൽ മാത്രം ആശ്രയിച്ചിരുന്ന സ്വർണ വായ്പകളെ, ഇന്ന് ചെറിയ സാമ്പത്തിക ആവശ്യങ്ങൾക്കായി പോലും സാധാരണക്കാർ ഉപയോഗപ്പെടുത്തുന്നു. ജാമ്യാരഹിത വായ്പകൾക്ക് പകരം സ്വർണ വായ്പകളെ കൂടുതൽ പേർ തിരഞ്ഞെടുക്കുന്നത് ചെറുകിട
വായ്പാ മേഖലയിലെ കിട്ടാക്കടം കുറയ്ക്കുന്നതിനും സഹായകമായിട്ടുണ്ട്. ദക്ഷിണേന്ത്യയുടെ ആധിപത്യം രാജ്യത്തെ ആകെ സ്വർണപ്പണയ വായ്പകളുടെ 75 ശതമാനവും ദക്ഷിണേന്ത്യയിലാണ് വിതരണം ചെയ്യപ്പെടുന്നത്.
19 ലക്ഷം കോടി രൂപയുടെ ആകെ മൂല്യത്തിൽ 14 ലക്ഷം കോടി രൂപയും കേരളം, തെലങ്കാന, കർണാടക, ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ്. സംസ്ഥാന അടിസ്ഥാനത്തിലുള്ള കണക്കുകൾ പരിശോധിച്ചാൽ തമിഴ്നാട് ആണ് മുന്നിൽ; ഇവിടെ വായ്പാ മൂല്യം 5.96 ലക്ഷം കോടി രൂപയാണ്.
തുടർന്ന് ആന്ധ്രാപ്രദേശ് (3.08 ലക്ഷം കോടി), കർണാടക (1.81 ലക്ഷം കോടി), തെലങ്കാന (1.60 ലക്ഷം കോടി), കേരളം (1.45 ലക്ഷം കോടി) എന്നിങ്ങനെയാണ് വായ്പാ വിതരണത്തിന്റെ തോത്. അതേസമയം, ജനസംഖ്യയിൽ മുന്നിലുള്ള ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ സ്വർണ വായ്പകളുടെ വിതരണം താരതമ്യേന കുറവാണെങ്കിലും വരുംകാലങ്ങളിൽ വലിയ വളർച്ചാ സാധ്യതയാണ് ഇവിടെ പ്രകടമാകുന്നത്.
നിലവിൽ ഉത്തർപ്രദേശിൽ 42,300 കോടി രൂപയും, ഗുജറാത്തിൽ 57,100 കോടിയും, രാജസ്ഥാനിൽ 41,000 കോടിയും, ബംഗാളിൽ 35,000 കോടി രൂപയുമാണ് സ്വർണ വായ്പകളായി വിതരണം ചെയ്തിട്ടുള്ളത്. വായ്പാ വിതരണ വളർച്ചാ നിരക്കിൽ 12.8 ശതമാനവുമായി തെലങ്കാന ഒന്നാമതും, 11.2 ശതമാനവുമായി ഉത്തർപ്രദേശ് രണ്ടാമതും, 10.5 ശതമാനവുമായി കർണാടക മൂന്നാമതും നിൽക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

