തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ സുപ്രധാന തീരുമാനങ്ങളുമായി വിജയ്. ജനങ്ങൾക്ക് നൽകിയ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ ഓരോന്നായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി കർഷകർക്കും സിനിമാ മേഖലയ്ക്കും ആശ്വാസം പകരുന്ന നടപടികളാണ് സർക്കാർ കൈക്കൊണ്ടിരിക്കുന്നത്.
കാർഷിക മേഖലയിലെ തീരുമാനങ്ങൾ
അഞ്ച് ഏക്കറിൽ താഴെ ഭൂമിയുള്ള ചെറുകിട കർഷകരുടെ സഹകരണ ബാങ്കുകളിലെ മുഴുവൻ കാർഷിക വായ്പകളും സർക്കാർ എഴുതിത്തള്ളി.
ഇതിനുപുറമെ, അഞ്ച് ഏക്കറിന് മുകളിൽ ഭൂമിയുള്ളവർക്ക് വായ്പാ തുകയിൽ 50 ശതമാനം ഇളവും നൽകും. നെല്ലിന് ക്വിന്റലിന് 3,500 രൂപയും കരിമ്പിന് ടണ്ണിന് 4,500 രൂപയുമായി താങ്ങുവില ഉയർത്താൻ തീരുമാനിച്ചിട്ടുണ്ട്.
രണ്ട് ഏക്കറിൽ താഴെ ഭൂമിയുള്ള കർഷകരുടെയും ഭൂരഹിതരായ കർഷകത്തൊഴിലാളികളുടെയും മക്കളുടെ വിദ്യാഭ്യാസ ചെലവ് പൂർണ്ണമായും സർക്കാർ ഏറ്റെടുക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. സിനിമാ മേഖലയ്ക്ക് ഉണർവ്
തമിഴ്നാട്ടിലെ തീയേറ്ററുകളിൽ സിനിമാ പ്രദർശന സമയം വർദ്ധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു.
റിലീസ് ചെയ്യുന്ന ചിത്രങ്ങൾക്ക് ആദ്യ ഒരാഴ്ച തിയേറ്ററുകളിൽ അഞ്ച് പ്രദർശനങ്ങൾ വീതം നടത്താൻ അനുമതി നൽകി. സിനിമാ മേഖലയിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനും വരുമാനം വർദ്ധിപ്പിക്കുന്നതിനുമാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്.
രാഷ്ട്രീയ പ്രഖ്യാപനം
“രാഷ്ട്രീയം എന്നത് പണം പിരിക്കാനുള്ളതല്ലെന്നും ജനങ്ങളെ സേവിക്കാനുള്ളതാണെന്നും” സത്യപ്രതിജ്ഞയ്ക്ക് ശേഷം വിജയ് വ്യക്തമാക്കിയിരുന്നു. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ സമയബന്ധിതമായി നടപ്പിലാക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.
മെയ് 10-ന് തമിഴ്നാടിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വിജയ്, ദ്രാവിഡ രാഷ്ട്രീയത്തിലെ പ്രബലരായ ഡിഎംകെ, എഐഎഡിഎംകെ പാർട്ടികളെ പിന്തള്ളിയാണ് അധികാരത്തിലെത്തിയത്. വിജയ് നേതൃത്വം നൽകുന്ന ടിവികെ 108 സീറ്റുകൾ സ്വന്തമാക്കി ഏറ്റവും വലിയ ഒറ്റക്കക്ഷിയായാണ് വിജയം കൈവരിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

