സംസ്ഥാനത്തിന്റെ ചുമതലയേറ്റ ശേഷം ആദ്യമായി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നതിനായി മുഖ്യമന്ത്രി വി ഡി സതീശൻ ന്യൂഡൽഹിയിലെത്തി. സേവാതീർത്ഥ് ഓഫീസിൽ രാവിലെ പതിനൊന്നേ കാലിനാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്.
സംസ്ഥാനത്തിന്റെ വിവിധ വികസന പദ്ധതികൾക്കായി കേന്ദ്ര സഹായം ഉറപ്പാക്കുകയാണ് ഈ സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. റെയിൽവേ വികസനം, നിർദിഷ്ട
തുറമുഖ പദ്ധതികൾ, എയിംസ് സ്ഥാപിക്കൽ, മെട്രോ വിപുലീകരണം തുടങ്ങിയ വിഷയങ്ങൾ പ്രധാനമന്ത്രിയുമായുള്ള ചർച്ചയിൽ ഇടംപിടിച്ചേക്കും. ഈ പദ്ധതികൾ വേഗത്തിലാക്കാൻ കേന്ദ്ര സർക്കാരിന്റെ പ്രത്യേക പിന്തുണ മുഖ്യമന്ത്രി ആവശ്യപ്പെടും.
പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഉച്ചയോടെ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെയും മുഖ്യമന്ത്രി നേരിൽ കണ്ട് ചർച്ചകൾ നടത്തും. തുടർന്ന് നാളെ ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടി കൂടിക്കാഴ്ച നടത്തിയ ശേഷമായിരിക്കും മുഖ്യമന്ത്രി കേരളത്തിലേക്ക് മടങ്ങുക.
കൂടിക്കാഴ്ചകളിൽ പാർട്ടി അജണ്ടകൾക്ക് പ്രാധാന്യമുണ്ടോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമില്ല. കഴിഞ്ഞ വാരം നടത്തിയ ഡൽഹി സന്ദർശനത്തിൽ മുതിർന്ന കോൺഗ്രസ് നേതാക്കളുമായി വി ഡി സതീശൻ കൂടിക്കാഴ്ച നടത്തിയിരുന്നു.
രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, കെ സി വേണുഗോപാൽ, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഘാർഗെ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിൽ തെരഞ്ഞെടുപ്പ് കാലത്ത് ഹൈക്കമാൻഡ് നൽകിയ പിന്തുണയ്ക്ക് അദ്ദേഹം നന്ദി അറിയിച്ചു. മല്ലികാർജുൻ ഘാർഗെയുമായുള്ള കൂടിക്കാഴ്ചയിൽ സംഘടനാപരമായ വിഷയങ്ങളും ചർച്ച ചെയ്യപ്പെട്ടിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

