രാജ്യവ്യാപക ഡീലർ ശൃംഖലയിൽ 150 ഗ്രീൻ വർക്ക്ഷോപ്പുകൾ എന്ന നാഴികക്കല്ല് പിന്നിട്ട് കിയ ഇന്ത്യ. നിലവിൽ 151 വർക്ക്ഷോപ്പുകളിൽ സൗരോർജ സംവിധാനങ്ങൾ വിജയകരമായി സ്ഥാപിച്ചതോടെ ആകെ സ്ഥാപിത ശേഷി 11.8 മെഗാവാട്ടിലധികം ആയി ഉയർന്നിരിക്കുകയാണ്.
സർവീസ് പ്രവർത്തനങ്ങളിൽ പുനരുപയോഗ ഊർജം ഉപയോഗപ്പെടുത്തുക, ജലസംരക്ഷണം ഉറപ്പാക്കുക, ഉത്തരവാദിത്തത്തോടെയുള്ള മാലിന്യസംസ്കരണം നടപ്പിലാക്കുക എന്നിവ ലക്ഷ്യമിട്ടാണ് ഈ പദ്ധതി വിപുലീകരിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി. 2023-ൽ വെറും മൂന്ന് വർക്ക്ഷോപ്പുകളും 165 കിലോവാട്ട് സൗരോർജ ശേഷിയുമായി ആരംഭിച്ച ഈ സംരംഭം, 2024-ൽ 60 കേന്ദ്രങ്ങളിലേക്കും 2025-ൽ 106 കേന്ദ്രങ്ങളിലേക്കും വ്യാപിപ്പിച്ചിരുന്നു.
തുടർന്ന് 2026-ൽ പുതുതായി 45 വർക്ക്ഷോപ്പുകൾ കൂടി ഉൾപ്പെടുത്തിയതോടെയാണ് ആകെ എണ്ണം 151 ആയി ഉയർത്തിയത്. ഗ്രീൻ വർക്ക്ഷോപ്പ് പദ്ധതിയുടെ ഭാഗമായി പരമ്പരാഗത രീതിയിലുള്ള വാഹനവാഷിങ് ഒഴിവാക്കി ഡ്രൈ വാഷിങ്, സ്റ്റീം വാഷിങ് തുടങ്ങിയ നൂതന ജലസംരക്ഷണ മാർഗങ്ങളാണ് നടപ്പിലാക്കുന്നത്.
ഡ്രൈ വാഷിങ്ങിൽ വെള്ളത്തിന്റെ ഉപയോഗം പൂർണ്ണമായി ഒഴിവാക്കുമ്പോൾ, സ്റ്റീം വാഷിങ്ങിന് ഒരു വാഹനത്തിന് 4–5 ലിറ്റർ വെള്ളം മാത്രമാണ് ആവശ്യമായി വരുന്നത്. എന്നാൽ പരമ്പരാഗത വാഷിങ് രീതികളിൽ ഇതിനായി ഏകദേശം 100–120 ലിറ്റർ വെള്ളം വരെ വേണ്ടിവരുമായിരുന്നു.
കൂടാതെ, 2026-ൽ സർവീസിനിടയിൽ ലഭിച്ച ഏകദേശം 2,269 ബാരൽ ഉപയോഗിച്ച എൻജിൻ ഓയിൽ വളരെ കാര്യക്ഷമമായി സംസ്കരിക്കാനും കമ്പനിക്ക് സാധിച്ചു. പ്രകൃതിദത്ത വെളിച്ചത്തിന്റെ പരമാവധി ഉപയോഗം, മലിനജല ശുദ്ധീകരണ പ്ലാന്റുകൾ, മോഷൻ സെൻസർ ലൈറ്റുകൾ, ജലരഹിത യൂറിനലുകൾ, മാലിന്യങ്ങൾ ശാസ്ത്രീയമായി വേർതിരിച്ച് ശേഖരിക്കുന്ന സംവിധാനം എന്നിവയും ഈ പദ്ധതിയുടെ പ്രധാന സവിശേഷതകളാണ്.
നിലവിലുള്ള ഈ ഡീലർ ശൃംഖലയുടെ കണക്കുകൾ പരിശോധിച്ചാൽ, ഉത്തരേന്ത്യയിൽ 53 ഉം, ദക്ഷിണേന്ത്യയിൽ 43 ഉം, പശ്ചിമേന്ത്യയിൽ 45 ഉം, കിഴക്കൻ ഇന്ത്യയിൽ 10 ഉം വർക്ക്ഷോപ്പുകളാണ് ഈ പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

