കൊച്ചിയിലെ ചേരാനല്ലൂരിൽ അഡീഷനൽ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റിന്റെ 17 വയസ്സുകാരനായ മകൻ ഓടിച്ച വാഹനം ഇടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ച സംഭവത്തിൽ ഗുരുതര ആരോപണങ്ങളുമായി മരിച്ച ജയബാലകൃഷ്ണന്റെ ബന്ധുക്കൾ രംഗത്ത്. നെടുമ്പാശ്ശേരിയിൽ 3 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിനു പിന്നാലെയാണ് കൊച്ചിയെ നടുക്കുന്ന ഈ ദുരന്ത വാർത്ത പുറത്തുവരുന്നത്.
സംഭവമറിഞ്ഞ് സ്റ്റേഷനിൽ എത്തിയ തങ്ങളോട് ജഡ്ജി കയർത്ത് സംസാരിച്ചെന്നാണ് ബന്ധുക്കളുടെ പ്രധാന ആരോപണം. പ്രായപൂർത്തിയാകാത്ത കുട്ടിക്ക് വാഹനം നൽകിയവരാണ് തെറ്റുകാർ എന്ന് ചൂണ്ടിക്കാണിച്ചപ്പോൾ, “എന്നെ ചോദ്യം ചെയ്യാൻ വരേണ്ട” എന്നും അതിന് നിങ്ങൾ ആയിട്ടില്ലെന്നും പ്രതിയായ 17 കാരന്റെ പിതാവായ ജഡ്ജി ഭീഷണിപ്പെടുത്തിയെന്ന് അവർ വെളിപ്പെടുത്തി.
ഇതൊന്നും തനിക്ക് ഒരു പ്രശ്നമല്ല എന്ന നിലപാടാണ് ജഡ്ജിയുടെ ഭാഗത്തുനിന്നും ഉണ്ടായതെന്നും കുടുംബം ആരോപിച്ചു. വാഹനം ഓടിച്ച 17 വയസ്സുകാരന്റെ പേരിലും മാതാപിതാക്കളുടെ പേരിലും കർശനമായി കേസ് എടുക്കണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു.
സംഭവസ്ഥലത്ത് വെച്ച് കുട്ടിയുടെ ഫോട്ടോ എടുത്തപ്പോൾ അത് പെട്ടെന്ന് തന്നെ ഡിലീറ്റ് ചെയ്യണമെന്നും അല്ലെങ്കിൽ തനിക്ക് പ്രശ്നം ആകുമെന്ന് പൊലീസ് ആവശ്യപ്പെട്ടതായും ബന്ധുക്കൾ പറഞ്ഞു. തുടർന്ന് തന്റെ കയ്യിൽ നിന്നും ഫോൺ പിടിച്ചുവാങ്ങി ഫോട്ടോ ഡിലീറ്റ് ചെയ്യിപ്പിച്ചു.
വെള്ളക്കെട്ട് ഉണ്ടായതുകൊണ്ടാണ് അപകടം നടന്നതെന്നാണ് ജഡ്ജിയുടെ വാദം. എന്നാൽ കണ്ടെയ്നർ റോഡിൽ യാതൊരുവിധ വെള്ളക്കെട്ടും ഉണ്ടായിരുന്നില്ലെന്നും വെള്ളം ഒഴുകി പോകാൻ ആവശ്യത്തിന് സ്ഥലമുള്ള ഇടത്താണ് അപകടം സംഭവിച്ചതെന്നും ബന്ധുക്കൾ വ്യക്തമാക്കി.
അപകടത്തിനു ശേഷം പ്രതി വാഹനം നിർത്താതെ മുന്നോട്ട് പോയെങ്കിലും, വാഹനം ഓഫായി നിന്നത് കൊണ്ടാണ് പിടിയിലായത്. മരിച്ച ജയബാലകൃഷ്ണൻ നടത്തിയിരുന്ന തട്ടുകടയിലെ വരുമാനം കൊണ്ടു മാത്രമായിരുന്നു കുടുംബത്തിന്റെജീവതം മുന്നോട്ട് പോയിരുന്നത്.
എല്ലാ മാസവും അടയ്ക്കാനുള്ള ലോണുകളുണ്ട്. അദ്ദേഹത്തിന്റെ ഭാര്യ കടുത്ത അസുഖ ബാധിതയാണെന്നും ബന്ധുക്കൾ കൂട്ടിച്ചേർത്തു.
പ്രതി മദ്യപിച്ചിട്ടില്ലെന്ന പൊലീസിന്റെ വാദത്തിലും കുടുംബം സംശയം പ്രകടിപ്പിച്ചു. അതേസമയം, പ്രതിക്കെതിരെ ആവശ്യമാണെങ്കിൽ കൂടുതൽ വകുപ്പുകൾ ചുമത്തുമെന്ന് സിഐ ശ്യാം കുമാർ വ്യക്തമാക്കി.
പ്രതി മദ്യപിച്ചിട്ടില്ലെന്നും എന്നാൽ മറ്റെന്തെങ്കിലും ലഹരി വസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു. ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ അനുമതി ലഭിച്ച ശേഷമായിരിക്കും പ്രതിയെ കോടതിയിൽ ഹാജരാക്കുകയെന്നും സിഐ കൂട്ടിച്ചേർത്തു.
സിഐ ശ്യാംകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീ സംഘം അപകടമുണ്ടാക്കിയ വാഹനം പരിശോധിച്ച് വരികയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

