പ്രമുഖ സംവിധായകൻ നിതീഷ് തിവാരി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ‘രാമായണം’ റിലീസിന് മുൻപേ തന്നെ സിനിമാലോകത്ത് വൻ തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. 2026 നവംബർ 5 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.
ചിത്രത്തിന്റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിങ്ങിലൂടെ ആഗോള തലത്തിൽ ഇതുവരെ 25 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. ഇതിനിടയിൽ ചിത്രത്തിലെ ഏറ്റവും പുതിയ ഗാനം പുറത്തുവന്നിട്ടുണ്ട്.
‘മംഗൾ രംഗ്’ എന്ന ഗാനമാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. പ്രശസ്ത സംഗീതജ്ഞൻ എ.ആർ റഹ്മാൻ സംഗീതമൊരുക്കിയ ഗാനം ആലപിച്ചിരിക്കുന്നത് അരിജിത് സിംഗും ശ്രേയ ഘോഷലും ചേർന്നാണ്.
കുമാർ വിശ്വാസ് ആണ് ഗാനത്തിന് വരികളെഴുതിയിരിക്കുന്നത്. മലയാളം, കന്നഡ, തെലുങ്ക്, തമിഴ് ഭാഷകളിലും ഈ ഗാനം പുറത്തിറക്കിയിട്ടുണ്ട്.
ചിത്രത്തിൽ ശ്രീരാമനായി രൺബീർ കപൂറും രാവണനായി യഷും വേഷമിടുന്നു. സായ് പല്ലവിയാണ് ചിത്രത്തിൽ സീതയായി എത്തുന്നത്.
നമിത് മൽഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസും എട്ട് തവണ ഓസ്കർ പുരസ്കാരം നേടിയ വിഷ്വൽ ഇഫക്റ്റ്സ് സ്റ്റുഡിയോയായ ഡിഎൻഇജിയും യഷിന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും സംയുക്തമായാണ് ചിത്രം നിർമ്മിക്കുന്നത്. മലയാളം, ഹിന്ദി, കന്നഡ, തെലുങ്ക്, തമിഴ് എന്നീ അഞ്ച് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്.
“രാമായണം എന്നത് കേവലം ഒരു കഥ മാത്രമല്ല, അത് നമ്മുടെ ജീവിതത്തിന്റെയും സംസ്കാരത്തിന്റെയും ഭാഗമാണ്. ഇന്ത്യയുടെ ഏറ്റവും വലിയ ഇതിഹാസം അതിന്റെ എല്ലാ ഭൗതിക സൗന്ദര്യത്തോടും അന്തസ്സോടും കൂടെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യം” എന്ന് നിർമ്മാതാവ് നമിത് മൽഹോത്ര ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്.
രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങുന്ന ഈ സിനിമാ പരമ്പരയുടെ ആദ്യ ഭാഗം ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും ചെലവേറിയ പ്രൊജക്ടുകളിൽ ഒന്നാണ്. ചിത്രത്തിന്റെ പി.ആർ.ഒ ആതിര ദിൽജിത്ത് ആണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

