ഉത്തർപ്രദേശിലെ കാൺപൂരിൽ പ്രമുഖ മരുന്ന് വ്യവസായി കൊല്ലപ്പെട്ട സംഭവത്തിൽ വഴിതിരിവ്.
കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ കൈവിട്ടുപോകുമെന്ന ഭയത്താൽ ക്വട്ടേഷൻ നൽകി പിതാവിനെ കൊലപ്പെടുത്തിയത് ഏക മകനാണെന്ന് പൊലീസ് വ്യക്തമാക്കി. വിനീത് മനോച്ച (63) കൊല്ലപ്പെട്ട
കേസിൽ അദ്ദേഹത്തിന്റെ മകൻ സുബ്രത് മനോച്ചയാണ് അറസ്റ്റിലായത്. സെപ്റ്റംബർ 5-ന് പുലർച്ചെയാണ് കാൺപൂരിലെ വസതിയിൽ വിനീത് മനോച്ചയെ കഴുത്തറുത്ത് കൊല്ലപ്പെട്ട
നിലയിൽ കണ്ടെത്തിയത്. കൊലപാതകം നടക്കുമ്പോൾ അദ്ദേഹം വീട്ടിൽ തനിച്ചായിരുന്നു.
മകൻ സുബ്രതും ഭാര്യ ശാലുവും ഒരു പാർട്ടിയിൽ പങ്കെടുക്കാൻ പോയിരിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ആദ്യം മരുമകൾ ശാലു മനോച്ചയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും, വിശദമായ ചോദ്യം ചെയ്യലിലും തെളിവെടുപ്പിലും യഥാർത്ഥ സൂത്രധാരൻ മകനാണെന്ന് തെളിയുകയായിരുന്നു.
പിതാവിന് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നുവെന്നും, അദ്ദേഹം മറ്റൊരു വിവാഹം കഴിച്ച് സ്വത്തുക്കൾ ആ സ്ത്രീക്ക് എഴുതിക്കൊടുക്കുമോ എന്ന് ഭയന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും സുബ്രത് പൊലീസിനോട് സമ്മതിച്ചു. പിടിയിലായാൽ കുറ്റം ഭാര്യ ശാലുവിന്റെ തലയിൽ കെട്ടിവെക്കണമെന്ന് സുബ്രത് ക്വട്ടേഷൻ സംഘത്തോട് മുൻകൂട്ടി നിർദ്ദേശിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് മുൻ വീട്ടുജോലിക്കാരനായ വിശാൽ ഗൗതം ആദ്യം ശാലുവിന്റെ പേര് മൊഴി നൽകിയത്. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി മരുമകൾ ശാലു, മുൻ ജീവനക്കാരനായ വിശാൽ ഗൗതം, സഹായി രാജ്കിഷോർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
തുടർന്ന് വിശാലിനെയും സഹായിയെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് സുബ്രതിന്റെ പങ്ക് പുറത്തുവന്നത്. പുതിയതായി വാങ്ങിയ ഒരു സിം കാർഡിൽ നിന്ന് വിനീത് സുബ്രതിനെ ആറ് തവണ വിളിച്ചതായി പിന്നീട് പോലീസ് കണ്ടെത്തുകയും ചെയ്തു.
തുടർന്ന് സെപ്റ്റംബർ 23-ന് പൊലീസ് ഇയാളെ ഔദ്യോഗികമായി അറസ്റ്റ് ചെയ്യുകയായിരുന്നു. കൊലപാതകം നടത്താൻ 6 ലക്ഷം രൂപയാണ് സുബ്രത് ക്വട്ടേഷൻ സംഘത്തിന് വാഗ്ദാനം ചെയ്തിരുന്നത്.
ആഡംബര ജീവിതത്തിനും ലഹരി, ചൂതാട്ട ശീലങ്ങൾക്കും അടിമയായിരുന്ന സുബ്രതിന് വിവിധ ബാങ്കുകളിലായി 40 ലക്ഷത്തോളം രൂപയുടെ കടബാധ്യതയുണ്ടായിരുന്നു.
മാസം തോറും 55,000 രൂപയോളം തിരിച്ചടവ് വേണ്ടിവന്നിരുന്ന സുബ്രതിന് പിതാവ് നൽകിയിരുന്ന തുക തികയാതെ വന്നതോടെയാണ് ഈ ക്രൂര കൃത്യത്തിന് മുതിർന്നതെന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം, കൊലപാതക ഗൂഢാലോചനയിൽ പങ്കില്ലെന്ന് വ്യക്തമായതോടെ വിനീതിന്റെ ഭാര്യ ശാലുവിനെ കേസിൽ നിന്ന് ഒഴിവാക്കാനും കോടതി വഴി മോചിപ്പിക്കാനുമുള്ള നടപടികൾ പൊലീസ് ആരംഭിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

