ഫുട്ബോൾ ഗാലറിയിലെ ആവേശകരമായ ആർപ്പുവിളികളിൽ നിന്ന് പ്രൊഫഷണൽ ക്ലബ്ബിന്റെ പ്രധാന ചുമതലകളിലേക്ക് എത്തിയിരിക്കുകയാണ് എ.മിഥുൻ. ഐ ലീഗ് മത്സരവേദികളിൽ തന്റെ ഇഷ്ടടീമായ ഗോകുലം കേരള എഫ്സിയുടെ ഓരോ ഗോളിനും ഗാലറിയിലിരുന്ന് ആർത്തുവിളിച്ചിരുന്ന കടുത്ത ആരാധകനാണ് ഇപ്പോൾ ടീമിന്റെ കിറ്റ് മാനേജറുടെ പദവിയിലെത്തിയിരിക്കുന്നത്.
ഈ സീസണിൽ ഗോകുലം കേരള എഫ്സി ഐഎഫ്എൽ (മുൻ ഐ ലീഗ്) മത്സരങ്ങൾക്കായി കളത്തിലിറങ്ങുമ്പോൾ, ടീമിന്റെ കിറ്റ് മാനേജർ വേഷത്തിൽ ഈ ആവേശക്കാരനായ മുൻ ആരാധകനുണ്ടാകും. ഫുട്ബോൾ ക്ലബ്ബുകളിൽ കളിക്കാർക്ക് മാത്രമല്ല, അർപ്പണബോധമുള്ള ആരാധകർക്കും പ്രധാന ഇടം നേടാൻ സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് മിഥുൻ.
കോഴിക്കോട് കോട്ടൂളി ആണ്ടോടിവീട്ടിൽ എ.മിഥുൻ ഗോകുലം കേരള ടീമിന്റെ മൂന്നാംകിരീടം പ്രതീക്ഷിച്ചിരുന്ന സീസണിലാണ് ഗാലറിയിൽ സജീവ സാന്നിധ്യമായി ഉണ്ടായിരുന്നത്. കോവിഡ് വ്യാപനത്തിന് ശേഷമുള്ള കാലഘട്ടത്തിലാണ് അദ്ദേഹം ഗോകുലത്തിന്റെ ഔദ്യോഗിക ആരാധകക്കൂട്ടായ്മയായ ‘ബറ്റാലിയ’യിൽ അംഗമാകുന്നത്.
തുടർന്ന് ഫാൻ കോഓർഡിനേറ്ററായി വളർന്ന മിഥുന്, ക്ലബ്ബിന്റെ കുട്ടികളുടെ ചാംപ്യൻഷിപ്പുകളുടെ സംഘാടനച്ചുമതല നൽകിക്കൊണ്ടാണ് മാനേജ്മെന്റ് ആദ്യമായി വലിയ ഉത്തരവാദിത്തങ്ങൾ ഏൽപ്പിച്ചത്. ഈ ചുമതലകൾ ഭംഗിയായി നിർവഹിച്ചതിനെ തുടർന്ന് അദ്ദേഹം പടിപടിയായി വളരുകയായിരുന്നു.
ആദ്യം അണ്ടർ–14, അണ്ടർ–16 ടീമുകളുടെ കിറ്റ് മാനേജരായി ചുമതലയേറ്റു. പിന്നീട് കേരള പ്രീമിയർ ലീഗ് ടീമിന്റെ കിറ്റ് മാനേജറുടെ റോളിലേക്ക് ഉയർത്തപ്പെട്ടു.
മിഥുൻ ആ ചുമതല വഹിച്ച ആ സീസണിൽ ഗോകുലം കെപിഎൽ കിരീടവും സ്വന്തമാക്കി. ഇതിലെ മികച്ച പ്രവർത്തന മികവാണ് ഇപ്പോൾ പ്രധാന ടീമിന്റെ കിറ്റ് മാനേജർ സ്ഥാനത്തേക്ക് മിഥുനെ അർഹനാക്കിയത്.
വരാനിരിക്കുന്ന ഐഎഫ്എൽ സീസൺ ഒക്ടോബർ അവസാനയാഴ്ചയാണ് ആരംഭിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

