സജീവ രാഷ്ട്രീയത്തിൽ നിന്ന് പിന്മാറുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ പൂർണ്ണമായും തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ ഓഫീസ് രംഗത്ത്. നാഗ്പൂരിൽ നടന്ന ഒരു ചടങ്ങിൽ അദ്ദേഹം നടത്തിയ പ്രസംഗം ചില കോണുകളിൽ നിന്ന് തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നു എന്ന് മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
യുവതലമുറ കൂടുതൽ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും തനിക്ക് ഇനിയും ഒരുപാട് ജോലി ചെയ്യാൻ കഴിയില്ലെന്നും നിതിൻ ഗഡ്കരി പറഞ്ഞിരുന്നു എന്ന വാർത്തകൾക്ക് പിന്നാലെയാണ് ഔദ്യോഗിക വിശദീകരണം പുറത്തുവന്നത്. കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയെക്കുറിച്ചുള്ള ചർച്ചകൾ സജീവമായിരിക്കുന്നതിനിടയിലാണ് ഗഡ്കരിയുടെ പ്രസംഗം വലിയ തോതിൽ ചർച്ചയായത്.
എന്നാൽ, അദ്ദേഹം നയിക്കുന്ന ലക്ഷ്മൺറാവു മങ്കർ ട്രസ്റ്റിന്റെ പ്രവർത്തനങ്ങളെയും ചുമതലകളെയും കുറിച്ച് മാത്രമാണ് ചടങ്ങിൽ സംസാരിച്ചതെന്നും, ഈ പ്രസംഗത്തിന് രാഷ്ട്രീയവുമായി യാതൊരുവിധ ബന്ധവുമില്ലെന്നും ഓഫീസ് അറിയിച്ചു. ട്രസ്റ്റിന്റെ ചുമതലകൾ പുതിയ തലമുറയ്ക്ക് കൈമാറുന്നതിനെക്കുറിച്ചുള്ള പരാമർശങ്ങളെ ചില മാധ്യമങ്ങൾ രാഷ്ട്രീയ പ്രസ്താവനയായി തെറ്റായി ചിത്രീകരിക്കുകയായിരുന്നുവെന്നും ഓഫീസ് കുറ്റപ്പെടുത്തി.
കഴിഞ്ഞ ഞായറാഴ്ച നാഗ്പൂരിൽ ട്രസ്റ്റ് സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കവെ, മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട തന്റെ പൊതുജീവിതത്തെക്കുറിച്ച് നിതിൻ ഗഡ്കരി വാചാലനായിരുന്നു.
ഈ കാലയളവിൽ അനേകം ഉന്നത ചുമതലകൾ വഹിക്കുകയും അംഗീകാരങ്ങൾ നേടുകയും തിരിച്ചടികൾ നേരിടുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു. അതിനാൽ ഇനി മുൻപത്തെപ്പോലെ കഠിനാധ്വാനം ചെയ്യാൻ സാധിക്കില്ലെന്നും പുതിയ തലമുറ മുന്നോട്ടുവരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
പൊതുപ്രവർത്തനത്തിന്റെ ആദ്യകാലങ്ങളിൽ ഏത് പ്രതികൂല സാഹചര്യത്തിലും പാർട്ടിക്ക് വേണ്ടി സമയമൊന്നും നോക്കാതെ അധ്വാനിക്കുകയും യാത്രകളിൽ ലഭിക്കുന്ന ഭക്ഷണം കഴിച്ച് ലളിതമായി ജീവിക്കുന്ന ശീലമാണ് തനിക്കുണ്ടായിരുന്നതെന്നും അദ്ദേഹം ഓർത്തെടുത്തു. എന്നാൽ കോവിഡ് കാലഘട്ടത്തിനു ശേഷം തന്റെ ജീവിതശൈലിയിൽ കൃത്യമായ അച്ചടക്കം കൊണ്ടുവരാൻ സാധിച്ചതായി ഗഡ്കരി വ്യക്തമാക്കി.
നിലവിൽ താൻ പതിവായി യോഗ ചെയ്യാറുണ്ടെന്നും ആരോഗ്യ പരിപാലനത്തിന് വലിയ പ്രാധാന്യം നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊതുരംഗത്തുള്ള എല്ലാവരും സ്വന്തം ആരോഗ്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും അദ്ദേഹം പറയുകയുണ്ടായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

