രാജ്യത്തിന്റെ മിസൈല്‍ നിര്‍മാണ മേഖല സ്വകാര്യ മേഖലയ്ക്കായി തുറന്നുകൊടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഡിആര്‍ഡിഒ വികസിപ്പിച്ചെടുത്ത മിസൈലുകളുടെ സാങ്കേതികവിദ്യയാണ് ഇനി മുതല്‍ ഇന്ത്യന്‍ പ്രതിരോധ വ്യവസായത്തിന് കൈമാറുക.
ആണവ വാഹക ശേഷിയുള്ള ദീര്‍ഘദൂര ഭൂഖണ്ഡാന്തര മിസൈലായ അഗ്നി, ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലായ പൃഥ്വി അടക്കമുള്ളവ രാജ്യത്തെ സ്വകാര്യ കമ്പനികള്‍ക്ക് ഇനി നിര്‍മിക്കാനാകും. പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ആണ് ഈ സുപ്രധാന കൈമാറ്റത്തിന് ഔദ്യോഗികമായി അംഗീകാരം നല്‍കിയിരിക്കുന്നത്.
പ്രതിരോധ ഉല്‍പ്പാദന രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നീക്കം. എന്നാല്‍, റഷ്യയുമായി ചേര്‍ന്ന് വികസിപ്പിച്ച ബ്രഹ്മോസ് മിസൈലിന് ഈ തീരുമാനം നിലവില്‍ ബാധകമായിരിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
കര്‍ശനമായ നിയമപരമായ മാനദണ്ഡങ്ങള്‍ പാലിക്കുകയും യോഗ്യതയും അനുമതിയും നേടുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് മാത്രമായിരിക്കും ടെക്നോളജി ട്രാന്‍സ്ഫര്‍ ലഭിക്കുക. മിസൈല്‍ സംവിധാനങ്ങളുടെ വികസന ഘട്ടത്തില്‍ നിന്നും വ്യാവസായിക ഉല്‍പ്പാദനത്തിലേക്കുള്ള മാറ്റത്തിന് വേഗത കൂട്ടുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
അതേസമയം, മിസൈല്‍ സാങ്കേതിക വിദ്യ സ്വകാര്യമേഖലയ്ക്ക് കൈമാറുന്നതില്‍ പ്രതിപക്ഷ ഭാഗത്തുനിന്ന് എതിര്‍പ്പുകള്‍ ഉയര്‍ന്നേക്കാനും സാധ്യതയുണ്ട്. ‘ആത്മനിര്‍ഭര ഭാരത്’ എന്ന കാഴ്ചപ്പാടിലൂന്നിക്കൊണ്ട് പ്രതിരോധരംഗത്ത് വലിയ കുതിച്ചുചാട്ടമുണ്ടാക്കാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നിര്‍ണായക ചുവടുവയ്പ്പാണിതെന്ന് മന്ത്രി രാജ്നാഥ് സിങ് വ്യക്തമാക്കി.
ഈ സാങ്കേതികവിദ്യ കൈമാറ്റം ചെയ്യുന്നതിലൂടെ, ബാധകമായ യോഗ്യതകളും സര്‍ട്ടിഫിക്കേഷനുകളും പൂര്‍ത്തിയാക്കുന്ന യോഗ്യരായ ഇന്ത്യന്‍ വ്യവസായങ്ങള്‍ക്ക്, ഡിആര്‍ഡിഒ വികസിപ്പിച്ച പരമ്പരാഗത മിസൈല്‍ സംവിധാനങ്ങളുടെ ഉല്‍പ്പാദന ചുമതല ഏറ്റെടുക്കാന്‍ സാധിക്കുമെന്ന് പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

