വ്യത്യസ്തമായൊരു അനുഭവം സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ച് ജപ്പാന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായ സനെ തകൈച്ചി രംഗത്ത്. തന്റെ ഔദ്യോഗിക വസതിയിൽ ശല്യക്കാരായി എത്തിയ പാറ്റകളെ നീക്കം ചെയ്തപ്പോൾ സമാധാനത്തോടൊപ്പം ഒരുതരം ഏകാന്തതയും വിഷമവുമാണ് തനിക്ക് തോന്നിയതെന്നാണ് പ്രധാനമന്ത്രി എക്സിൽ കുറിച്ചത്.
‘ഔദ്യോഗിക വസതിയിൽ പ്രേതങ്ങളെ കണ്ടിട്ടുണ്ടോ’ എന്ന ചോദ്യത്തിന് മറുപടിയായാണ് അവർ ഈ രസകരമായ അനുഭവം പങ്കുവെച്ചത്. വസതിയിൽ താൻ ഇതുവരെ പ്രേതങ്ങളെ കണ്ടിട്ടില്ലെങ്കിലും, അടുത്തിടെ വരെ പാറ്റകളെ കണ്ട് താൻ നിലവിളിച്ചു പോയിട്ടുണ്ട് എന്നാണ് അവർ വ്യക്തമാക്കിയത്.
കുട്ടിക്കാലം മുതൽ ഒസാമു തെസുകയുടെ ‘ഫയർബേർഡ്’ എന്ന മാസ്റ്റർപീസ് കൃതി താൻ നിരന്തരം വായിക്കാറുണ്ടായിരുന്നു. പുനർജന്മത്തെ കുറിച്ചാണ് പ്രധാനമായും ഈ കൃതി മുന്നോട്ടുവെക്കുന്നത്.
ഈ ആശയം തന്റെ ബാല്യകാലത്ത് വലിയ സ്വാധീനം ചെലുത്തിയിരുന്നു. അതുകൊണ്ടാകാം, മുതിർന്ന ശേഷവും പാറ്റകൾ ഉൾപ്പടെയുള്ള ഒന്നിനെയും കൊന്നൊടുക്കാൻ തനിക്ക് കഴിയില്ലെന്ന് അവർ ഓർമിച്ചു.
ഔദ്യോഗിക വസതിയിൽ പാറ്റകളെ കണ്ടപ്പോഴും, ‘ഈ ജീവനും ആ പുനർജന്മ ചക്രത്തിന്റെ ഭാഗമായിരിക്കാം’ എന്ന് കരുതി അവ സ്വയം പുറത്തുപോകുമെന്ന് പ്രതീക്ഷിച്ച് താൻ സഹിക്കുകയായിരുന്നു. എന്നാൽ, ഇക്കാര്യം തന്റെ സെക്രട്ടറിമാരോട് പറഞ്ഞപ്പോൾ അവർ ഞെട്ടിപ്പോയി.
ഒടുവിൽ സെക്രട്ടറിമാരിൽ ഒരാൾ കർശനമായി ഇടപെടുകയും പാറ്റകളെ തുരത്താനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു. അതിനുശേഷം വസതിയിൽ പാറ്റകളുടെ ശല്യം പൂർണ്ണമായും ഇല്ലാതായി.
‘തുടർന്ന് പാറ്റകൾ വരാതായതായപ്പോൾ എനിക്ക് ആശ്വാസം തോന്നി, പക്ഷേ ഒപ്പം ചെറിയൊരു ഏകാന്തതയും സങ്കടവും തോന്നി’ എന്ന് തകൈച്ചി എക്സിൽ കുറിച്ചു. സ്വന്തം ഓഫീസിനേക്കാൾ കൂടുതൽ സമയം ഔദ്യോഗിക വസതിയിൽ തന്നെയിരുന്ന് ജോലി ചെയ്യുന്ന വ്യക്തിയാണ് സനെ തകൈച്ചി.
പ്രത്യേക സുരക്ഷാ ഉദ്യോഗസ്ഥരുടെയും സ്റ്റാഫുകളുടെയും ആവശ്യകതയും അസൗകര്യങ്ങളും പരമാവധി കുറയ്ക്കുന്നതിനാണ് താൻ ഔദ്യോഗിക വസതിയിൽ നിന്ന് കൂടുതൽ സമയം പ്രവർത്തിക്കുന്നതെന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

