ആലപ്പുഴ ജില്ലയിലെ ചേർത്തലയിൽ റോഡരികിൽ വഴക്കു കൂടുന്നത് തടയാൻ ശ്രമിച്ച യുവാവിന് നേരെ ക്രൂരമായ ആക്രമണം. ചേർത്തല സ്വദേശിയായ രതീഷ് (41)നാണ് അക്രമി സംഘത്തിന്റെ മർദ്ദനമേറ്റത്.
ഈ മാസം 17-ന് രാത്രി ഏഴു മണിക്ക് ചേർത്തല പള്ളിചന്ത ഓട്ടോ സ്റ്റാൻഡ് പരിസരത്തുവെച്ചായിരുന്നു സംഭവം. ഇരുപത്തിയഞ്ച് വയസ്സിൽ താഴെ മാത്രം പ്രായമുള്ള മൂന്ന് ചെറുപ്പക്കാർ ചേർന്നാണ് രതീഷിനെ ആക്രമിച്ചത്.
ബ്രയിൻ ട്യൂമർ ബാധിതനായ രതീഷ് മരുന്ന് വാങ്ങി മടങ്ങും വഴിയാണ് ഈ അതിക്രമം നേരിടേണ്ടി വന്നത്. റോഡിൽ വഴക്കുകൂടിയ രണ്ട് ചെറുപ്പക്കാരെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രതീഷിന് മർദ്ദനമേറ്റത്.
ഇതിൽ പ്രകോപിതരായ യുവാക്കൾ മറ്റൊരാളെ കൂടി സ്ഥലത്തേക്ക് വിളിച്ചുവരുത്തി രതീഷിനെ വളഞ്ഞിട്ട് മർദ്ദിക്കുകയായിരുന്നുവെന്ന് രതീഷും കുടുംബവും വ്യക്തമാക്കുന്നു. പ്രതികൾ ഇയാളെ ഓടുകൊണ്ട് എറിയുകയും നിലത്തിട്ട് ചവിട്ടുകയും ഹെൽമറ്റ് കൊണ്ട് തലയ്ക്കടിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു.
ആക്രമണത്തിന്റെ ദൃശ്യങ്ങൾ അടക്കമുള്ള തെളിവുകൾ ലഭ്യമായിട്ടും പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ലെന്നാണ് കുടുംബത്തിന്റെ പ്രധാന ആരോപണം. സംഭവത്തിൽ നാട്ടുകാരായ കാശി, ശങ്കരൻ എന്നീ യുവാക്കൾക്കെതിരെയും കണ്ടാലറിയാവുന്ന മൂന്നാമനെതിരെയും ആയുധമുപയോഗിച്ചുള്ള അക്രമമടക്കം വിവിധ വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്.
എന്നാൽ സംഭവം നടന്ന് ഏഴു ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. കേസ് എടുത്തതിനു പിന്നാലെ ഒളിവിൽ പോയ പ്രതികൾക്കായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് പരിശോധന ഊർജ്ജിതമാക്കിയതായി ചേർത്തല പൊലീസ് അറിയിച്ചു.
പ്രതികളുടെ വീടുകളിലും ബന്ധുവീടുകളിലും പരിശോധന നടത്തിയെങ്കിലും മൂവരുടെയും ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെന്ന് പൊലീസ് വ്യക്തമാക്കി. പ്രതികൾ ഉടൻ തന്നെ നിയമത്തിന് മുന്നിൽ അകപ്പെടുമെന്നാണ് ചേർത്തല പൊലീസ് നൽകുന്ന വിശദീകരണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

