രാജ്യത്ത് വലിയ തോതിലുള്ള സൈബർ ഭീകരാക്രമണങ്ങൾ ലക്ഷ്യമിട്ട സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കർശന പരിശോധന നടത്തി.
മഹാരാഷ്ട്ര, ഗുജറാത്ത്, തെലങ്കാന, ബിഹാർ, ദില്ലി എന്നീ സംസ്ഥാനങ്ങളിലായി വ്യാപകമായി നടത്തിയ റെയ്ഡിലാണ് നിർണായക വിവരങ്ങൾ പുറത്തുവന്നത്. ഏകദേശം 54 കേന്ദ്ര സർക്കാർ വെബ്സൈറ്റുകൾ തകർക്കുക എന്ന ലക്ഷ്യത്തോടെ ആസൂത്രണം ചെയ്ത സൈബർ ആക്രമണങ്ങളുമായി ബന്ധപ്പെട്ടാണ് നിലവിലെ അന്വേഷണം പുരോഗമിക്കുന്നത്.
‘ഓപ്പറേഷൻ സിന്ദൂർ’ ഉൾപ്പെടെയുള്ള നിർണായക ഘട്ടങ്ങളിൽ നടന്ന വ്യാപകമായ സൈബർ ആക്രമണങ്ങളാണ് ഈ കേസിലേക്ക് അന്വേഷണ ഏജൻസിയെ എത്തിച്ചത്. ഈ കേസിൽ നേരത്തെ രണ്ട് പേരെ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു.
ഇവരെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ, ഹാക്കിംഗ് പ്രവർത്തനങ്ങൾക്ക് ആവശ്യമായ സാങ്കേതിക സഹായങ്ങൾ നൽകിയവരെയും അതിനു പിന്നിൽ പ്രവർത്തിച്ച മറ്റ് വ്യക്തികളെയും കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം ശക്തമാക്കിയിരിക്കുന്നത്. പരിശോധനയുടെ ഭാഗമായി പ്രതികളിൽ നിന്നും മറ്റുമായി 3 ലാപ്ടോപ്പുകളും 5 മൊബൈൽ ഫോണുകളും എൻഐഎ സംഘം കസ്റ്റഡിയിലെടുത്തു.
ഇതിനുപുറമേ, കേസിന് ആധാരമായേക്കാവുന്ന പ്രധാനപ്പെട്ട ഡിജിറ്റൽ രേഖകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്.
കേസിൽ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരുമെന്നാണ് സൂചന.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

