പാചകവാതക വിലവർധനവിന് പിന്നാലെ പച്ചക്കറികളുടെയും അസംസ്കൃത വസ്തുക്കളുടെയും നിരക്ക് കുതിച്ചുയർന്നതോടെ സംസ്ഥാനത്ത് ഹോട്ടൽ ഭക്ഷണത്തിനും ചെലവേറുന്നു. ചായ മുതൽ ബിരിയാണിക്കും പ്രഭാതഭക്ഷണങ്ങൾക്കും വരെ ഉയർന്ന തുക നൽകേണ്ട
സാഹചര്യമാണ് നിലവിലുള്ളത്. ചായയ്ക്കും ലഘുഭക്ഷണങ്ങൾക്കും 2–3 രൂപ വരെ വർധിച്ചപ്പോൾ പലയിടത്തും ഒരു ഗ്ലാസ് ചായയ്ക്ക് 15 രൂപയായി ഉയർന്നു.
പ്രഭാതഭക്ഷണ വിഭവങ്ങളിലും വലിയ വിലവ്യത്യാസമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അഞ്ചു മാസങ്ങൾക്ക് മുൻപ് ഒരെണ്ണത്തിന് 12 രൂപയായിരുന്ന അപ്പത്തിന് ഇപ്പോൾ 15 രൂപ നൽകണം.
12 രൂപയായിരുന്ന പൊറോട്ടയ്ക്ക് 15 രൂപയും, 8 രൂപയായിരുന്ന ദോശയ്ക്ക് 10–12 രൂപയുമായി. 10 രൂപയുടെ ഇഡ്ഡലിക്ക് 15 രൂപയും, ഒരു കുറ്റി പുട്ടിന് 30–35 രൂപ ഉണ്ടായിരുന്നത് 40–45 രൂപയായും വർധിച്ചു.
ഉച്ചഭക്ഷണത്തിനും ബിരിയാണിക്കും 10 രൂപ വരെയാണ് കൂട്ടിയത്. മുൻപ് 60 മുതൽ 90 രൂപ വരെ ലഭിച്ചിരുന്ന സാധാരണ ഊണിന് ഇപ്പോൾ 70–120 രൂപ ഈടാക്കുന്നുണ്ട്.
വിലക്കയറ്റം താങ്ങാനാകാതെ ചില ഹോട്ടലുകൾ ഊണ് വിതരണം താൽക്കാലികമായി നിർത്തുകയോ വിഭവങ്ങളുടെ എണ്ണം വെട്ടിച്ചുരുക്കുകയോ ചെയ്തിട്ടുണ്ട്. ദിനംപ്രതി മൂന്നു നേരവും ഹോട്ടൽ ഭക്ഷണത്തെ ആശ്രയിക്കുന്ന ഒരു വ്യക്തിക്ക് ദിവസം 80 മുതൽ 140 രൂപ വരെ അധികമായി ചെലവാക്കേണ്ടി വരുന്നു.
മാംസ-പലവ്യഞ്ജന വിപണിയിലെ കുതിച്ചുചാട്ടമാണ് ഈ പ്രതിസന്ധിക്ക് പ്രധാന കാരണം. ബിരിയാണിക്ക് ഉപയോഗിക്കുന്ന കൈമ അരിയുടെ വിലയിൽ കിലോയ്ക്ക് 80 രൂപ വരെ വർധനവുണ്ടായി.
കോഴിയിറച്ചി വിലയിൽ 50 രൂപയോളം വർധിച്ചപ്പോൾ, പോത്തിറച്ചി ആവശ്യത്തിന് കിട്ടാനില്ലാത്തത് കാരണം കിലോഗ്രാമിന് 70 രൂപയ്ക്ക് അടുത്താണു കൂടിയത്. കിലോഗ്രാമിന് 850–900 രൂപയായിരുന്ന മട്ടൺ വില 1000 രൂപയിലേക്ക് ഉയർന്നതോടെ മട്ടൺ വിഭവങ്ങൾക്കും തുക കൂട്ടി.
അതുപോലെ, കിലോഗ്രാമിന് 30 രൂപയായിരുന്ന സവാളയ്ക്ക് 40 രൂപയായും, 40 രൂപയായിരുന്ന പച്ചമുളകിന് 60–80 രൂപയായും വർധിച്ചു. പഞ്ചസാരയുടെ വില കിലോയ്ക്ക് 40–45 ലും നിന്ന് 50–55 രൂപയായി ഉയർന്നിട്ടുണ്ട്.
90% പച്ചക്കറികൾക്കും വില കൂടിയതോടെ ഹോട്ടൽ വ്യവസായം കടുത്ത പ്രതിസന്ധിയിലായതായി കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ പറഞ്ഞു.
“കുടുംബസമേതം ഭക്ഷണം കഴിക്കാൻ ഹോട്ടലിൽ എത്തുന്ന പതിവു രീതിയിൽ മാറ്റം വന്നു’’ എന്ന് അദ്ദേഹം വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ ഹോട്ടലുകളിൽ എത്തുന്ന ഉപഭോക്താക്കളുടെ എണ്ണത്തിലും വലിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

