വനമേഖലയോട് ചേർന്നുള്ള പ്രദേശത്ത് കുരങ്ങുകളുടെ നിരന്തരമായ ആക്രമണത്തെ തുടർന്ന് വീട് ഉപേക്ഷിക്കേണ്ട അവസ്ഥയിലായിരിക്കുകയാണ് ഒരു കുടുംബം.
എരുമപ്പെട്ടി മണ്ടംപറമ്പ് ഉന്നതിയിലെ എളാട്ടുവളപ്പിൽ കൃഷ്ണൻകുട്ടി (64) ആണ് അധികാരികളുടെയും വന്യമൃഗങ്ങളുടെയും മുന്നിൽ നിസ്സഹായനായി നിൽക്കുന്നത്. നൂറുകണക്കിന് കുരങ്ങുകളാണ് പ്രദേശത്ത് ഭീതി പരത്തുന്നത്.
വീടിന്റെ മേൽക്കൂര പൊളിച്ച് ഓടുകൾ വലിച്ചെറിയുന്നതാണ് ഇവയുടെ പതിവ് രീതി. മേൽക്കൂര നന്നാക്കിയാലും കുരങ്ങുകൾ വീണ്ടുമെത്തി വീണ്ടും നശിപ്പിക്കും.
ഒടുവിൽ ടാർപോളിൻ കെട്ടി മറച്ചെങ്കിലും അതും കുരങ്ങുകൾ മാന്തിപ്പൊളിക്കുകയായിരുന്നു. നാലു വർഷം മുൻപാണ് ഈ ദുരിതം ആരംഭിച്ചത്.
പകൽ സമയത്ത് എത്തുന്ന കുരങ്ങുകൾ വീടുകളുടെ മുകളിലും സമീപത്തെ മരക്കൊമ്പുകളിലും തമ്പടിക്കുന്നു. വീട്ടുകാർ ജോലിക്കായി പുറത്തുപോകുമ്പോൾ ഓടുകൾ മാറ്റി അകത്തുകയറി ഭക്ഷണസാധനങ്ങളും അരിയും നശിപ്പിക്കുന്നത് പതിവാണ്.
വീടിനുള്ളിൽ വിസർജനം നടത്തുന്നതും ഉണക്കാൻ ഇടുന്ന തുണികൾ കൊണ്ടുപോകുന്നതും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. കുരങ്ങുകളുടെ ശല്യം കാരണം ഈ പ്രദേശത്തുണ്ടായിരുന്ന മറ്റു പല കുടുംബങ്ങളും ഇതിനോടകം തന്നെ വീടുവിട്ടുപോയിട്ടുണ്ട്.
പഞ്ചായത്തിലെ ലൈഫ് അടക്കമുള്ള ഭവന നിർമാണ പദ്ധതികൾ വഴി കോൺക്രീറ്റ് വീടുകൾ ലഭിച്ച മറ്റു ചിലർക്ക് ഈ ശല്യത്തിൽ നിന്നും ആശ്വാസം ലഭിച്ചെങ്കിലും, കൃഷ്ണൻകുട്ടിയുടെ അടച്ചുറപ്പില്ലാത്ത വീടാണ് ഇപ്പോൾ കുരങ്ങുകളുടെ പ്രധാന ലക്ഷ്യം. മേൽക്കൂര തകർന്നതുമൂലം മഴവെള്ളം അകത്തേക്ക് വീണ് ഭിതികൾ നനഞ്ഞ് ഏതു നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്.
വീടിന്റെ ശോച്യാവസ്ഥ കാരണം കുടുംബാംഗങ്ങൾ നിലവിൽ കണ്ണൂരിലെ ബന്ധുവീട്ടിലേക്ക് മാറി താമസിക്കുകയാണ്. കഴിഞ്ഞ വർഷം മേൽക്കൂരയിൽ ടാർപോളിൻ കെട്ടാൻ മാത്രം 10,000 രൂപയാണ് ചെലവഴിച്ചത്.
സ്വന്തമായി ഭൂമിയുള്ളതിനാൽ ലൈഫ് പദ്ധതിയിൽ വീടിന് അർഹതയുണ്ടെങ്കിലും സാങ്കേതിക തടസ്സങ്ങൾ കാരണം അനുമതി ലഭിക്കുന്നില്ലെന്ന പരാതിയുമുണ്ട്. എവിടെ അന്തിയുറങ്ങുമെന്ന ആശങ്കയിൽ ജീവിക്കുന്ന ഈ വയോധികന് അടിയന്തര സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

