മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷാ പരിശോധനയ്ക്കായി നിയോഗിച്ചിട്ടുള്ള വിദഗ്ധ സമിതിയിൽ കേരളത്തിന്റെ പുതിയ പ്രതിനിധിയെ ഉടൻ നാമനിർദേശം ചെയ്യണമെന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു. ജലശക്തി മന്ത്രാലയത്തിന് കീഴിലുള്ള ദേശീയ അണക്കെട്ട് സുരക്ഷാ അതോറിറ്റിയാണ് (NDSA) ഇത് സംബന്ധിച്ച ഔദ്യോഗിക നിർദേശം കേരള സർക്കാരിന് കൈമാറിയത്.
ഈ വിഷയത്തിൽ സർക്കാർ ഉടൻ തീരുമാനമെടുക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് വ്യക്തമാക്കി. വിദഗ്ധ സമിതിയിൽ അംഗമായിരുന്ന ടി ആർ ശിവരാജനെ ഒഴിവാക്കിയ നടപടിക്കെതിരെ കേരളം നേരത്തെ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് പുതിയ പ്രതിനിധിയെ നിശ്ചയിക്കാനുള്ള കേന്ദ്രത്തിന്റെ നിർദേശം വന്നിരിക്കുന്നത്. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സമഗ്ര സുരക്ഷാ വിലയിരുത്തൽ നടപടികൾക്കായി സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്ന വ്യക്തിയെ എത്രയും വേഗം അറിയിക്കാനാണ് അതോറിറ്റി ആവശ്യപ്പെട്ടിരിക്കുന്നത്.
ഇതിൻപ്രകാരം സംസ്ഥാന സർക്കാർ അടിയന്തരമായി പുതിയ പേര് നിർദേശിക്കുമെന്ന് മന്ത്രി അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

