ക്രിക്കറ്റ് ലോകത്തെ എക്കാലത്തെയും മികച്ച ഇതിഹാസങ്ങളായ സച്ചിന് ടെണ്ടുല്‍ക്കര്‍, ബ്രയാന്‍ ലാറ എന്നിവരുടെ നിലവാരത്തിലേക്ക് ഉയരാന്‍ അപൂര്‍വ്വ പ്രതിഭയുള്ള താരമാണ് ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ ബാറ്റര്‍ ഹാരി ബ്രൂക്ക് എന്ന് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ സര് ജെഫ്രി ബോയ്കോട്ട്. എന്നാല്‍, തന്റെ സഹായ വാഗ്ദാനം സ്വീകരിക്കാന്‍ താരം തയാറായില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
‘ജെഫ്രി ബോയ്കോട്ട്, ആന്‍ എക്സ്ട്രാഓര്‍ഡിനറി ഇന്നിങ്സ്’ എന്ന പോഡ്കാസ്റ്റിലാണ് ബോയ്കോട്ടിന്റെ വെളിപ്പെടുത്തല്‍. ടെസ്റ്റ് ക്രിക്കറ്റില്‍ ഏകാഗ്രത നിലനിര്‍ത്തുന്നതില്‍ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്തിട്ടും ബ്രൂക്കിന്റെ ഭാഗത്തുനിന്ന് യാതൊരു പ്രതികരണവും ഉണ്ടായില്ലെന്ന് ബോയ്കോട്ട് കൂട്ടിച്ചേര്‍ത്തു.
“കഴിഞ്ഞ വര്‍ഷം അദ്ദേഹത്തിന്റെ അമ്മാവന് എന്നെ സമീപിക്കുകയും ഹാരിയെക്കുറിച്ച് എന്തു കരുതുന്നുവെന്ന് ചോദിക്കുകയും ചെയ്തു. അത്രയധികം പ്രതിഭ വളരെ അപൂര്‍വ്വവും പ്രത്യേകതയുള്ളതുമാണെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു.” – ബോയ്കോട്ട് വ്യക്തമാക്കി.
“എന്നാല്‍ താനുമായി സംസാരിക്കാമോ എന്ന് അദ്ദേഹത്തിന്റെ അമ്മാവന് ചോദിച്ചപ്പോള്‍, ഞാന്‍ സ്വന്തമായി ചെന്ന് സംസാരിക്കുന്നത് ശരിയല്ലെന്നും, വേണമെങ്കില്‍ അവന് എന്നെ വിളിക്കാമെന്നും ഞാന്‍ മറുപടി നല്കി. നമ്പര്‍ നല്‍കിയെങ്കിലും പിന്നീട് അവനില്‍ നിന്ന് യാതൊരു വിവരവും ലഭിച്ചില്ല.” – അദ്ദേഹം പറഞ്ഞു.
നിലവില്‍ ടെസ്റ്റ് റാങ്കിംഗില്‍ മുന്‍നിരയിലുള്ള ഹാരി ബ്രൂക്കിന് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ടെസ്റ്റില്‍ സെഞ്ച്വറി നേടാന്‍ സാധിച്ചിട്ടില്ല. ബ്രൂക്കിന്റെ വലിയ കഴിവ് ഇപ്പോഴും പൂര്‍ണമായി ഉപയോഗിക്കപ്പെടുന്നില്ലെന്ന് 108 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള ബോയ്കോട്ട് ചൂണ്ടിക്കാണിച്ചു.
മികച്ച ടൈമിംഗ്, ഷോട്ടുകളിലുള്ള വൈഭവം, നല്ല ഉയരം എന്നിവയുള്ള താരമാണ് ബ്രൂക്കെങ്കിലും ചിന്താഗതിയിലെ ചില പോരായ്മകളാണ് തിരിച്ചടിയാകുന്നത്. പാകിസ്ഥാനെതിരായ ഹെഡിങ്ലെ ടെസ്റ്റില്‍ 91 റണ്‍സ് നേടിയ ബ്രൂക്ക്, ലോര്‍ഡ്സ് ടെസ്റ്റില്‍ 15 റണ്‍സ് മാത്രമാണ് നേടിയത്.
ഏകദിന ക്രിക്കറ്റ് കളിക്കുന്നത് പോലെയാണ് താരം ബാറ്റ് ചെയ്യുന്നതെന്നും, ആദ്യ പന്തുമുതല്‍ ആക്രമിച്ചു കളിക്കാന്‍ ശ്രമിക്കുന്നത് മിഡ്-ഓഫിലും മിഡ്-ഓണിലുമൊക്കെ ക്യാച്ച് കൊടുത്ത് പുറത്താകാന്‍ കാരണമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. ഈ ബാറ്റിംഗ് ശൈലി മാറ്റിയാല്‍ സച്ചിനും ലാറയ്ക്കുമൊപ്പം പ്രതിഭാസങ്ങളുടെ നിരയിലേക്ക് ഉയരാന്‍ ബ്രൂക്കിന് സാധിക്കുമെന്നും ബോയ്കോട്ട് അഭിപ്രായപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

