റാന്നി വനം ഡിവിഷന് കീഴിൽ വനം വകുപ്പ് നട്ടുപിടിപ്പിച്ച മുളങ്കാടുകൾ ഇപ്പോൾ അധികൃതർക്ക് വലിയ തലവേദനയായി മാറിയിരിക്കുകയാണ്. വിളവെടുപ്പിന് പാകമായ മുളകൾ ലേലത്തിൽ പിടിക്കാൻ കരാറുകാരൊന്നും തയാറാകാത്തതാണ് പ്രധാന പ്രതിസന്ധി.
റാന്നി വനം റേഞ്ചിലെ കരികുളം വനപ്രദേശത്ത് ചെത്തോങ്കര–അത്തിക്കയം, അഞ്ചുകുഴി–നാറാണംമൂഴി, നിരപ്പുപാറ–ചൊള്ളനാവയൽ എന്നീ റോഡരികുകളിലും, വടശേരിക്കര റേഞ്ചിലെ വടശേരിക്കര–ചിറ്റാർ, തെക്കുംമല റോഡരികുകളിലുമാണ് വനം വകുപ്പ് മുൻപ് വൻതോതിൽ മുളകൾ നട്ടുപിടിപ്പിച്ചത്. എന്നാൽ, ഇവ മുറിച്ചു മാറ്റേണ്ട
സമയം അതിക്രമിച്ചിട്ടും നടപടികളൊന്നും സ്വീകരിക്കാൻ കഴിഞ്ഞിട്ടില്ല. നിലവിൽ ഈ മുളകൾ പൂത്ത് ഉണങ്ങി വീഴുന്ന അവസ്ഥയിലാണ്.
പലപ്പോഴും ഇവ റോഡുകളിലേക്ക് പതിക്കുന്നത് ഗതാഗത തടസ്സത്തിന് കാരണമാകുന്നു. തുടർന്ന് വനപാലകർ നേരിട്ടെത്തിയാണ് ഇവ മുറിച്ചുനീക്കുന്നത്.
കൂടാതെ, മുളങ്കൂട്ടങ്ങൾ പരിസരപ്രദേശങ്ങളിൽ മാലിന്യം തള്ളുന്ന കേന്ദ്രങ്ങളായും മാറുന്നുണ്ട്. ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡിന് ആവശ്യമായ അസംസ്കൃത വസ്തുക്കൾ ലഭ്യമാക്കുന്നതിനായി കേന്ദ്ര സർക്കാർ നൽകിയ നിർദ്ദേശപ്രകാരമാണ് വനങ്ങളിൽ മുളകൾ നട്ടു തുടങ്ങിയത്.
മുൻകാലങ്ങളിൽ മുളകൾ വൻതോതിൽ ലേലം ചെയ്ത് നൽകിയിരുന്നു. അന്ന് അച്ചൻകോവിൽ സ്വദേശികളായ തൊഴിലാളികളാണ് മുളവെട്ടുന്ന ജോലികൾ ചെയ്തിരുന്നത്.
എന്നാൽ, ഇവർക്ക് പ്രായമായതും, പുതിയ തലമുറ ഈ തൊഴിൽ മേഖലയിലേക്ക് കടന്നുവരാൻ താൽപ്പര്യം കാണിക്കാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നു. മുളവെട്ടുന്ന ജോലിക്ക് പ്രത്യേക പരിശീലനവും വൈദഗ്ധ്യവും അത്യാവശ്യമാണ്.
മുള്ളുകൾ ശരീരത്തിൽ തറയ്ക്കാതെ മുള മുറിച്ചെടുക്കുക എന്നത് ഏറെ ശ്രമകരമായ ജോലിയായതിനാൽ കരാറുകാർ ലേലത്തിൽ നിന്ന് പിൻമാറുന്ന സാഹചര്യമാണുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

