പാലിയേക്കര ദേശീയപാതയിലെ അടിപ്പാത നിർമ്മാണവുമായി ബന്ധപ്പെട്ട ഗതാഗത നിയന്ത്രണങ്ങൾക്കിടെ, ടോൾ പ്ലാസയിലുണ്ടാകുന്ന അനാവശ്യ ഗതാഗതക്കുരുക്ക് യാത്രക്കാരെ വലയ്ക്കുന്നു.
ഫാസ്ടാഗ് റീഡിംഗിലുണ്ടാകുന്ന സാങ്കേതിക തകരാറുകളാണ് പ്രധാനമായും ഗതാഗത തടസ്സത്തിന് വഴിയൊരുക്കുന്നതെന്നാണ് പരാതി. വാഹനങ്ങൾ ടോൾ ബൂത്തിലെത്തിയ ശേഷം ഫാസ്ടാഗ് റീഡ് ചെയ്യാൻ സെക്കൻഡുകളോ ചിലപ്പോൾ മിനിറ്റുകളോ എടുക്കുന്നു.
ഇത് യാത്രക്കാരിൽ കടുത്ത ആശങ്കയാണ് സൃഷ്ടിക്കുന്നത്. റീഡിംഗ് പരാജയപ്പെടുമ്പോൾ ഹാൻഡ് റീഡർ ഉപയോഗിക്കേണ്ടി വരുന്നത് നടപടികൾ കൂടുതൽ മന്ദഗതിയിലാക്കുന്നു.
ഫാസ്ടാഗ് സംവിധാനത്തിൽ പ്രശ്നമുണ്ടായാൽ ടോൾ പ്ലാസയിലെ ജീവനക്കാരുമായി യാത്രക്കാർക്ക് തർക്കമുണ്ടാകുന്ന സാഹചര്യവും പതിവാകുന്നു. 12 ട്രാക്കുകളിലും സമാനമായ സ്ഥിതി തുടരുന്നത് ടോൾ പിരിവിനെ തന്നെ താളം തെറ്റിച്ചിരിക്കുകയാണ്.
മുമ്പ് കലക്ടറും മോട്ടർ വാഹനവകുപ്പും നേരിട്ട് ഇടപെട്ട് ടോൾ പ്ലാസയിലെ കംപ്യൂട്ടർ-സോഫ്റ്റ്വെയർ സംവിധാനങ്ങൾ പരിഷ്കരിച്ചതോടെ കുറച്ചുനാൾ കാര്യങ്ങൾ സുഗമമായിരുന്നു. എന്നാൽ നിലവിൽ വീണ്ടും സാങ്കേതിക തകരാറുകൾ രൂക്ഷമായതോടെ ഗതാഗതക്കുരുക്ക് സ്ഥിരമായിരിക്കുകയാണ്.
പന്നിയങ്കര അടക്കമുള്ള മറ്റ് ടോൾ പ്ലാസകളിൽ ഇത്തരം തടസ്സങ്ങളില്ലാത്തപ്പോൾ ഇവിടെ മാത്രം എന്തുകൊണ്ട് ഇത് സംഭവിക്കുന്നുവെന്ന ചോദ്യമാണ് ഉയരുന്നത്. എന്നാൽ ഈ ആരോപണങ്ങൾ ടോൾ പ്ലാസ അധികൃതർ നിഷേധിക്കുന്നു.
അവധിക്കാലമായതിനാൽ വാഹനങ്ങളുടെ എണ്ണം വർദ്ധിച്ചതും, ഫാസ്ടാഗുകളുടെ കാലപ്പഴക്കം മൂലം ബാർ കോഡിന്റെ വ്യക്തത കുറഞ്ഞതുമാണ് സാങ്കേതിക തടസ്സത്തിന് കാരണമെന്ന് അവർ വിശദീകരിക്കുന്നു. പ്രതിദിനം അരലക്ഷത്തോളം വാഹനങ്ങൾ കടന്നുപോകുന്ന തിരക്കേറിയ ടോൾ പ്ലാസയാണിതെന്നും, മറ്റ് കേന്ദ്രങ്ങളെ അപേക്ഷിച്ച് ഇവിടെ പ്രവർത്തനഭാരം കൂടുതലാണെന്നും അധികൃതർ വ്യക്തമാക്കുന്നു.
വിഷയത്തിൽ ദേശീയപാത അതോറിറ്റിയും ജില്ലാ ഭരണകൂടവും അടിയന്തരമായി ഇടപെടണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

