യുഎസ്-ഇറാൻ യുദ്ധസാഹചര്യത്തെ തുടർന്നുണ്ടായ ആഗോള പ്രത്യാഘാതങ്ങൾ ഇന്ത്യൻ സമ്പദ്വ്യവസ്ഥയിലും വലിയ പ്രതിസന്ധികൾ സൃഷ്ടിക്കുന്നുവെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. സ്മോൾ ഇൻഡസ്ട്രീസ് ഡവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (സിഡ്ബി) 37-ാം വാർഷികാഘോഷ ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
രാജ്യത്തെ പൗരന്മാരും വ്യവസായികളും നിലവിലെ സാഹചര്യത്തിൽ മൂന്ന് പ്രധാന കാര്യങ്ങളിൽ അഥവാ മൂന്ന് ‘എഫ്’ (F) കളിൽ അതീവ ശ്രദ്ധ പുലർത്തണമെന്ന് മന്ത്രി നിർദ്ദേശിച്ചു. വളം (Fertilizer), ഇന്ധനം (Fuel), വിദേശനാണ്യം (Forex) എന്നിവയാണവ.
സംഘർഷം വിപണിയിലുണ്ടാക്കിയ പ്രത്യാഘാതങ്ങളെക്കുറിച്ച് മന്ത്രിയുടെ വാക്കുകൾ ഇങ്ങനെ:
“ഇന്ധനം, വളം എന്നിവയുടെ വില കുത്തനെ കൂടി. ചരക്കുവരവ് തടസ്സപ്പെട്ടു.
ചരക്കുകൂലി ഉയർന്നു. അസംസ്കൃതവസ്തുക്കൾ കിട്ടുന്നില്ല.
കമ്പനികൾക്ക് മൂലധന പ്രതിസന്ധി – എല്ലാ പ്രതിസന്ധികളും യുദ്ധത്തെ തുടർന്ന് ഒന്നിച്ചു വന്നു. വിചാരിക്കാത്ത തലത്തിലേക്കാണ് വളം വില കുതിച്ചുകയറിയത്”
പ്രധാനമന്ത്രിയുടെ നിർദ്ദേശങ്ങളുടെ പ്രാധാന്യം
പശ്ചിമേഷ്യയിലെ അരക്ഷിതാവസ്ഥ സാധാരണക്കാരെയും എംഎസ്എംഇ (MSME) മേഖലയെയും ഒരുപോലെ ബാധിച്ചിട്ടുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
അത്യാവശ്യമല്ലാത്ത ഇറക്കുമതി നിയന്ത്രിച്ച് വിദേശനാണ്യ ശേഖരം സംരക്ഷിക്കണമെന്നും, സ്വർണം വാങ്ങുന്നത് നിയന്ത്രിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയ നിർദ്ദേശങ്ങൾ ഈ ഘട്ടത്തിൽ അതീവ പ്രാധാന്യമർഹിക്കുന്നു. ഇന്ധനങ്ങളുടെ എക്സൈസ് നികുതി വെട്ടിക്കുറച്ചതിലൂടെ സർക്കാരിന് ഏകദേശം ഒരു ലക്ഷം കോടി രൂപയുടെ വരുമാന നഷ്ടമുണ്ടായതായും മന്ത്രി വ്യക്തമാക്കി.
“80-90 ദിവസമായി. ക്രൂഡ് ഓയിൽ വില ഉയരുകയാണ്.
ഉയരുന്ന എണ്ണ, വളം, സ്വർണവിലകൾ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് വെല്ലുവിളി സൃഷ്ടിക്കുന്നു. ഇവയെല്ലാം വാങ്ങാൻ നമ്മൾ വിദേശനാണ്യമാണ് ചെലവഴിക്കുന്നതെന്ന് ഓർക്കണം”
സമ്പദ്വ്യവസ്ഥയുടെ കരുത്ത്
ആഗോള വെല്ലുവിളികൾക്കിടയിലും ഇന്ത്യൻ സമ്പദ്വ്യവസ്ഥ സുസ്ഥിരമാണെന്ന് നിർമല സീതാരാമൻ ആവർത്തിച്ചു.
ജിഎസ്ടി വരുമാനത്തിൽ കഴിഞ്ഞവർഷം 8.3 ശതമാനം വർധനവുണ്ടായി വരുമാനം 22 ലക്ഷം കോടി രൂപ കടന്നു. ഏപ്രിലിൽ ട്രാക്ടർ വിൽപനയിൽ 26 ശതമാനവും, കാർ വിൽപനയിൽ 25 ശതമാനവും, ത്രൂവീലർ വിൽപനയിൽ 32 ശതമാനവും, ടൂവീലർ വിൽപനയിൽ 28 ശതമാനവും വളർച്ച രേഖപ്പെടുത്തിയതും രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ശക്തമാണെന്നതിന്റെ തെളിവാണെന്ന് മന്ത്രി പറഞ്ഞു.
എംഎസ്എംഇ കുടിശിക
എംഎസ്എംഇകൾക്ക് ലഭിക്കാനുള്ള 8.1 ലക്ഷം കോടി രൂപയുടെ വരുമാന കുടിശിക അവരുടെ പ്രവർത്തന മൂലധനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. അതിനാൽ, പൊതുമേഖലാ സ്ഥാപനങ്ങൾ ഇത്തരം കുടിശികകൾ 45 ദിവസത്തിനകം തീർപ്പാക്കണമെന്ന നിർദേശം കർശനമായി പാലിക്കണമെന്നും ധനമന്ത്രി നിർദ്ദേശിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

