വേമ്പനാട് കായലിൽ അധിനിവേശ മത്സ്യയിനങ്ങളുടെ സാന്നിധ്യം വർധിക്കുന്നത് തനത് മത്സ്യസമ്പത്തിന് വലിയ ഭീഷണിയാകുന്നു. അടുത്തിടെ നടന്ന വാർഷിക മത്സ്യ കണക്കെടുപ്പിലാണ് സക്കർ ക്യാറ്റ് ഫിഷ്, പാക്കു, പേൾ ഗൗരാമി തുടങ്ങിയ അധിനിവേശ മത്സ്യങ്ങളെ വ്യാപകമായി കണ്ടെത്തിയത്.
മുൻകാലങ്ങളിൽ ഇത്തരം മത്സ്യങ്ങളെ വേമ്പനാട് കായലിൽ കണ്ടെത്തിയിട്ടുണ്ടെങ്കിലും, നിലവിൽ അവയുടെ പ്രത്യുൽപാദനം വർധിച്ചത് തനത് ഇനങ്ങളുടെ നിലനിൽപ്പിനെ പ്രതികൂലമായി ബാധിക്കുന്നതായി ഗവേഷകർ വിലയിരുത്തുന്നു. 2009-ലും 2018-ലെ പ്രളയകാലത്തും സക്കർ ഫിഷിന്റെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടിരുന്നുവെങ്കിലും, പിന്നീട് ഇവയുടെ എണ്ണത്തിൽ കുറവുണ്ടായിരുന്നു.
എന്നാൽ, നിലവിൽ മത്സ്യത്തൊഴിലാളികൾക്ക് വലിയ തോതിൽ സക്കർ ഫിഷിനെ ലഭിക്കുന്നുണ്ടെന്നത് ആശങ്ക വർധിപ്പിക്കുന്നു. അക്വേറിയങ്ങളിൽ പായലും അഴുക്കും നീക്കം ചെയ്യാൻ വളർത്തുന്ന സക്കർ ക്യാറ്റ് ഫിഷ്, അക്വേറിയങ്ങളിൽ നിന്ന് കായലുകളിലേക്ക് ഉപേക്ഷിക്കപ്പെടുന്നതാണ് ഇവ വ്യാപകമാകാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.
മറ്റ് മത്സ്യങ്ങളുടെ മുട്ടകളും ചെറിയ മീനുകളെയും ഭക്ഷണമാക്കുന്നതിനാൽ ഇവ കായലിന്റെ ആവാസവ്യവസ്ഥയ്ക്ക് വലിയ വെല്ലുവിളിയാണ്. അശോക ട്രസ്റ്റ് ഫോർ റിസർച് ഇൻ ഇക്കോളജി ആൻഡ് എൻവയൺമെന്റ് കമ്യൂണിറ്റി എൻവയൺമെന്റൽ റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിൽ നടന്ന കണക്കെടുപ്പിൽ 63 ഇനം ചിറക് മത്സ്യങ്ങളെയും 10 ഇനം തോട് മത്സ്യങ്ങളെയും കണ്ടെത്തി.
തോട് മത്സ്യങ്ങളുടെ ലഭ്യതയിൽ മുൻവർഷങ്ങളെ അപേക്ഷിച്ച് വർധനവുണ്ടായിട്ടുണ്ട്. അതേസമയം, കായലിലെ പ്ലാസ്റ്റിക് മാലിന്യങ്ങളും കുളവാഴയുടെ വ്യാപനവും മത്സ്യങ്ങളുടെ വളർച്ചയെ തടസ്സപ്പെടുത്തുന്നതായി റിപ്പോർട്ടിൽ പറയുന്നു.
പടിഞ്ഞാറൻ തീരങ്ങളിൽ ജെല്ലി ഫിഷിന്റെ സാന്നിധ്യവും രേഖപ്പെടുത്തിയിട്ടുണ്ട്. ആറ്റുകൊഞ്ചിന്റെ തിരോധാനം കഴിഞ്ഞ വർഷത്തെ കണക്കെടുപ്പിലെന്നപോലെ ഇത്തവണയും വേമ്പനാട് കായലിൽ ആറ്റുകൊഞ്ചിനെ കണ്ടെത്താനായില്ല.
കായൽ മലിനീകരണവും തണ്ണീർമുക്കം ബണ്ടിന്റെ നിർമ്മാണത്തെ തുടർന്ന് ഉപ്പുവെള്ളത്തിന്റെ അളവിലുണ്ടായ കുറവുമാണ് ആറ്റുകൊഞ്ച് അപ്രത്യക്ഷമാകാൻ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. 2018-ലെ പ്രളയത്തിന് ശേഷം ഇവയുടെ ലഭ്യത ഗണ്യമായി കുറയുകയും തുടർന്ന് പൂർണ്ണമായും ഇല്ലാതാവുകയുമായിരുന്നു.
മഴ ശക്തമാകുന്ന സാഹചര്യങ്ങളിൽ മാത്രമേ ഇനി കായലിൽ ആറ്റുകൊഞ്ച് തിരിച്ചുവരാൻ സാധ്യതയുള്ളൂവെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. 2008 മുതൽ നടന്നുവരുന്ന ഈ വാർഷിക മത്സ്യ കണക്കെടുപ്പിൽ വിദ്യാർഥികളും ഗവേഷകരും മത്സ്യത്തൊഴിലാളികളുമടക്കം നൂറോളം പേർ പങ്കെടുത്തു.
കുഫോസ് വൈസ് ചാൻസലർ ഡോ. എ.ബിജുകുമാർ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ഫിഷറീസ് വകുപ്പ് ആലപ്പുഴ, പനങ്ങാട് ഫിഷറീസ് സർവകലാശാല, വിവിധ കോളജുകൾ, സംയുക്ത വേമ്പനാട് കായൽ സംരക്ഷണ സമിതി എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി നടന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

