ഛത്തീസ്ഗഡിലെ സുർഗുജ ജില്ലയിൽ നിന്നുള്ള ഒരു ദൃശ്യം സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയാകുന്നു. 90 വയസ്സുള്ള ഭർതൃമാതാവിനെ തോളിലേറ്റി കത്തുന്ന വെയിലത്ത് അഞ്ച് കിലോമീറ്ററോളം നടന്ന് ബാങ്കിലെത്തുന്ന മരുമകളുടെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
ജഗൽപാറ ഗ്രാമവാസിയായ സുകുമനിയ എന്ന സ്ത്രീയാണ് തന്റെ ഭർതൃമാതാവിന്റെ തുച്ഛമായ പ്രതിമാസ പെൻഷനായ 500 രൂപ കൈപ്പറ്റാൻ ഈ ദുരിതയാത്ര നടത്തിയത്. കഠിനമായ ചൂടും സൂര്യാഘാത സാധ്യതയുമുള്ള കാലാവസ്ഥയെ അവഗണിച്ചായിരുന്നു ഇവരുടെ യാത്ര.
വഴിയിലൂടെ കടന്നുപോയ ആരോ പകർത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. മുൻപ് ‘ബാങ്ക് മിത്ര’ വഴി പെൻഷൻ വീട്ടിലെത്തിച്ചിരുന്നുവെങ്കിലും, കെവൈസി വിവരങ്ങൾ അപൂർണ്ണമായതിനാൽ കഴിഞ്ഞ നാലു മാസമായി പെൻഷൻ മുടങ്ങുകയായിരുന്നെന്ന് സുകുമനിയ വ്യക്തമാക്കി.
ഇതേത്തുടർന്നാണ് മെയിൻപട്ടിലെ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ ശാഖയിലേക്ക് ഇവർക്ക് കാൽനടയായി സഞ്ചരിക്കേണ്ടി വന്നത്. ഈ സംഭവം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് മെയിൻപട്ട് ജൻപത് പഞ്ചായത്ത് സിഇഒ ഖുശ്ബു ശാസ്ത്രി സ്ഥിതിഗതികൾ വിശദീകരിച്ചു.
ഖുശ്ബു ശാസ്ത്രി പറയുന്നതിങ്ങനെ: “ജനുവരിയിലാണ് അവസാനമായി പെൻഷൻ നൽകിയത്. കെവൈസി വിവരങ്ങൾ പൂർണ്ണമല്ലാത്തതിനാൽ സേവനം താൽക്കാലികമായി നിർത്തിവെച്ചിരുന്നു.
വയോധികയെ തോളിലേറ്റിയാണ് സുകുമനിയ ബാങ്കിലെത്തിയത്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം കുടിശ്ശികയുണ്ടായിരുന്ന നാലു മാസത്തെ പെൻഷൻ തുകയായ 2000 രൂപ ഇവർക്ക് നൽകി.
ജൂൺ മുതൽ പെൻഷൻ തുക വീട്ടിൽ നേരിട്ടെത്തിക്കാൻ ബാങ്ക് അധികൃതർ ഉറപ്പുനൽകിയിട്ടുണ്ട്.” സംഭവത്തിൽ സർക്കാരിന്റെ വീഴ്ച ചൂണ്ടിക്കാട്ടി മുൻ ഉപമുഖ്യമന്ത്രി ടി.എസ് സിങ് ഡിയോ രംഗത്തെത്തി. വോട്ട് തേടി ജനങ്ങളുടെ പടിക്കലെത്തുന്ന ഭരണാധികാരികൾ, സംസ്ഥാനത്തെ വയോജനങ്ങൾക്ക് അർഹമായ പെൻഷൻ കൃത്യമായി വീട്ടിലെത്തിക്കാൻ കൂടി ശ്രദ്ധിക്കണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

