അമേരിക്കയിലെ ഗ്രീൻ കാർഡ് അപേക്ഷാ നടപടികളിൽ ഏർപ്പെടുത്തിയ പുതിയ നയമാറ്റങ്ങൾ എച്ച്-1ബി വിസയിൽ ജോലി ചെയ്യുന്നവരെ പ്രതികൂലമായി ബാധിക്കില്ലെന്ന സൂചനയുമായി അധികൃതർ. ഗ്രീൻ കാർഡിനായി അപേക്ഷ സമർപ്പിക്കുന്ന എച്ച്-1ബി വിസക്കാർക്ക് രാജ്യം വിടേണ്ട
സാഹചര്യം ഉണ്ടാകില്ലെന്ന് യുഎസ് സിറ്റിസൺഷിപ്പ് ആൻ്റ് ഇമിഗ്രേഷൻ സർവീസസ് (USCIS) വക്താവ് സാക്ക് കഹ്ലർ വ്യക്തമാക്കി. സാമ്പത്തികമായി നേട്ടമുണ്ടാക്കുന്നതോ, ദേശീയ താൽപ്പര്യമുള്ളതോ ആയ മേഖലകളിൽ സേവനമനുഷ്ഠിക്കുന്ന അപേക്ഷകർക്ക് ഈ പ്രക്രിയയ്ക്കിടെ അമേരിക്കയിൽ തന്നെ തുടരാൻ അനുവാദം ലഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
ന്യൂസ്വീക്കിനോട് സംസാരിക്കവെയാണ് സാക്ക് കഹ്ലർ ഇക്കാര്യം വ്യക്തമാക്കിയത്. അനധികൃത കുടിയേറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ട്രംപ് ഭരണകൂടം കുടിയേറ്റ നയങ്ങളിൽ കർശനമായ മാറ്റങ്ങൾ കൊണ്ടുവന്നിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ, ഗ്രീൻ കാർഡിന് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ മാതൃരാജ്യത്തെ എംബസിയോ കോൺസുലേറ്റോ മുഖേന കോൺസുലാർ പ്രോസസിങ് പൂർത്തിയാക്കണമെന്നായിരുന്നു പുതിയ നിർദേശം. നേരത്തെ, വിസ ഉടമകൾക്ക് യുഎസിൽ തുടർന്നുകൊണ്ട് തന്നെ ‘അഡ്ജസ്റ്റ്മെൻ്റ് ഓഫ് സ്റ്റാറ്റസ്’ വഴി അപേക്ഷ നൽകാൻ സാധിച്ചിരുന്നു.
ഈ പഴുതുകൾ അടയ്ക്കാനാണ് പുതിയ നടപടികളിലൂടെ ഭരണകൂടം ലക്ഷ്യമിടുന്നത്. എങ്കിലും, പുതിയ ഇളവുകൾ എച്ച്-1ബി വിസക്കാർക്ക് വലിയ ആശ്വാസമാണ് പകരുന്നത്.
വ്യക്തിപരമായ സാഹചര്യങ്ങൾ പരിഗണിച്ച് ചില അപേക്ഷകരോട് വിദേശത്തുനിന്ന് അപേക്ഷ സമർപ്പിക്കാൻ ആവശ്യപ്പെട്ടേക്കാമെങ്കിലും, രാജ്യത്തിന്റെ താൽപ്പര്യമുള്ള സേവനങ്ങൾ നൽകുന്നവർക്ക് നിലവിലെ രീതിയിൽ തന്നെ തുടരാമെന്ന് അധികൃതർ ഉറപ്പുനൽകുന്നു. എച്ച്-1ബി, എൽ-1 വിസ ഉടമകൾക്കും വിദ്യാർത്ഥികൾക്കും ഈ മാറ്റം വഴി ജോലി നഷ്ടപ്പെടുന്നതടക്കമുള്ള പ്രതിസന്ധികൾ ഒഴിവാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

