സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വിഡിയോയെച്ചിലുണ്ടായ തർക്കത്തെ തുടർന്ന് സ്കൂളിൽ വെച്ച് ഒൻപതാം ക്ലാസ് വിദ്യാർഥിനിക്ക് നേരെ സഹപാഠിയുടെ ക്രൂരമായ ആക്രമണം. പൂണെ ബലേവാഡിയിലെ ഒരു ഇംഗ്ലിഷ് മീഡിയം സ്കൂളിലാണ് ഈ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്.
ക്ലാസ് മുറിക്ക് പുറത്തുവച്ച് 14 വയസ്സുകാരനായ വിദ്യാർഥി കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് പെൺകുട്ടിയുടെ മുഖത്തും നെഞ്ചിലും കുത്തി പരുക്കേൽപ്പിക്കുകയായിരുന്നു. കഴിഞ്ഞ ഒക്ടോബർ 17, 18 തീയതികളിൽ സ്കൂളിൽ നിന്ന് പാഞ്ചഗണി, മഹാബലേശ്വർ എന്നിവിടങ്ങളിലേക്ക് നടത്തിയ ടൂറിനിടയിൽ പകർത്തിയ ഇൻസ്റ്റഗ്രാം വിഡിയോകളാണ് ഈ സംഘർഷത്തിന് ആധാരമെന്ന് പൊലീസ് സംശയം പ്രകടിപ്പിക്കുന്നു.
വിനോദയാത്രയ്ക്കിടയിൽ ചില പെൺകുട്ടികൾ നൃത്തം ചെയ്യുന്ന ദൃശ്യങ്ങൾ ഒരു വിദ്യാർഥി മൊബൈലിൽ ചിത്രീകരിച്ച് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഇതിനെതിരെ മറ്റ് വിദ്യാർഥികൾ ശക്തമായി രംഗത്തുവരികയും ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യണമെന്ന് ആൺകുട്ടിയുടെ മേൽ കടുത്ത സമ്മർദം ചെലുത്തുകയും ചെയ്തു.
ഇതേത്തുടർന്ന് വിദ്യാർഥികൾക്കിടയിൽ നിലനിന്നിരുന്ന പകയാണ് പിന്നീട് അക്രമത്തിൽ കലാശിച്ചത്. ഈ സംഭവത്തിലുള്ള പ്രകോപനമാണ് പെൺകുട്ടിയെ ക്ലാസ് മുറിക്ക് പുറത്തുവെച്ച് ആക്രമിക്കാൻ പ്രതിയെ പ്രേരിപ്പിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.
ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ പെൺകുട്ടിയെ സ്കൂൾ അധികൃതർ ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൺകുട്ടിയുടെ മുഖത്തും നെഞ്ചിലും ആഴത്തിലുള്ള മുറിവുകൾ ഏറ്റിട്ടുണ്ടെങ്കിലും നിലവിൽ അവളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.
സംഭവത്തിന് പിന്നാലെ വേഗത്തിൽ നടപടിയെടുത്ത പൊലീസ്, കുറ്റകൃത്യം നടത്തിയ 14 വയസ്സുകാരനായ വിദ്യാർഥിയെ കസ്റ്റഡിയിലെടുത്തു. തുടർന്ന് ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ ഒബ്സർവേഷൻ ഹോമിലേക്ക് മാറ്റിയതായി പൊലീസ് സ്ഥിരീകരിച്ചു.
അക്രമത്തിന് ഉപയോഗിച്ച ആയുധവും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഈ സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിശദമായ അന്വേഷണം ഊർജിതമായി പുരോഗമിക്കുകയാണെന്ന് സീനിയർ പൊലീസ് ഇൻസ്പെക്ടർ അരവിന്ദ് പവാർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

