കുടുംബവഴക്കിനെ തുടർന്ന് നാടുവിട്ടെത്തി കടലിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച യുവാവിനെ പൊലീസിന്റെ സമയോചിതമായ ഇടപെടലിലൂടെ ജീവിതത്തിലേക്ക് തിരികെനടത്തിച്ചു. കോഴിക്കോട് സൗത്ത് ബീച്ചിൽ നടന്ന സംഭവത്തിൽ എറണാകുളം സ്വദേശിയായ യുവാവിനെയാണ് പൊലീസ് ഉദ്യോഗസ്ഥർ സുരക്ഷിതമായി രക്ഷപ്പെടുത്തിയത്.
ആത്മഹത്യാശ്രമത്തിന് ശേഷം ഏറെ നേരം യുവാവുമായി സംസാരിച്ച് മാനസികമായി പിന്തുണ നൽകിയ പൊലീസ്, തുടർന്ന് സുരക്ഷിതമായി നാട്ടിലേക്ക് ട്രെയിനിൽ മടക്കി അയക്കുകയാണുണ്ടായത്. കോഴിക്കോട് സൗത്ത് ബീച്ചിൽ ഒരാൾ കടലിൽ ചാടി ജീവനൊടുക്കാൻ ശ്രമിക്കുന്നതായി കോഴിക്കോട് സിറ്റി പൊലീസ് കൺട്രോൾ റൂമിൽ അടിയന്തര വിവരം ലഭിച്ചതോടെയാണ് നാടകീയ സംഭവങ്ങൾക്ക് തുടക്കമായത്.
സന്ദേശം ലഭിച്ച ഉടൻ തന്നെ എലത്തൂർ, ടൗൺ, കൺട്രോൾ റൂം എന്നീ വിവിധ വിഭാഗങ്ങളിൽ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥർ അതിവേഗം സംഭവസ്ഥലത്തേക്ക് കുതിച്ചെത്തുകയായിരുന്നു. കടലിൽ ചാടിയ യുവാവിനെ കണ്ടെത്തിയ ഉദ്യോഗസ്ഥർ ആദ്യം തന്നെ ഇയാളുടെ ജീവന്റെ സുരക്ഷ ഉറപ്പാക്കുകയും തുടർന്ന് സ്നേഹത്തോടെ സംസാരിച്ച് കാര്യങ്ങൾ ചോദിച്ചറിയുകയും ചെയ്തു.
പ്രാഥമിക അന്വേഷണത്തിൽ മദ്യലഹരിയിലായിരുന്ന യുവാവ് എറണാകുളം സ്വദേശിയാണെന്നും, നാട്ടിൽ കുടുംബവുമായി ഉണ്ടായ വഴക്കിനെ തുടർന്നാണ് വീടുവിട്ട് പോന്നതെന്നും വ്യക്തമായി. കുടുംബപ്രശ്നങ്ങളിൽ പൂർണ്ണമായും മാനസികമായി തളർന്ന അവസ്ഥയിലായിരുന്ന യുവാവ്, ഇനി നാട്ടിലേക്ക് മടങ്ങില്ലെന്നും ജീവനൊടുക്കാൻ തീരുമാനിച്ചിരിക്കുകയാണെന്നുമാണ് പൊലീസിനോട് വെളിപ്പെടുത്തിയത്.
എന്നാൽ മാനസികാഘാതം തിരിച്ചറിഞ്ഞ ഉദ്യോഗസ്ഥർ വളരെ ക്ഷമയോടെ ഇയാളുമായി സംസാരിച്ച് കാര്യങ്ങൾ ബോധ്യപ്പെടുത്തുകയായിരുന്നു. ഇയാളെ പൂർണ്ണമായും ശാന്തനാക്കാനും ഒടുവിൽ നാട്ടിലേക്ക് മടങ്ങാൻ സമ്മതിപ്പിക്കാനും പൊലീസിന് സാധിച്ചു.
തുടർനടപടികളുടെ ഭാഗമായി യുവാവിനെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തിക്കുകയും സുരക്ഷിതമായി ട്രെയിനിൽ കയറ്റി വിടുകയും ചെയ്തു. വിവരം ലഭിച്ച ഉടൻ തന്നെ വിവിധ പൊലീസ് യൂണിറ്റുകൾ ഏകോപിതമായി പ്രവർത്തിച്ചതും, യുവാവിന്റെ മാനസികാവസ്ഥ മനസ്സിലാക്കി ക്ഷമയോടെ ഇടപെട്ടതും വലിയൊരു ദുരന്തം ഒഴിവാക്കുന്നതിൽ നിർണ്ണായകമായി.
എലത്തൂർ പൊലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ പ്രവീൺ, സിവിൽ പൊലീസ് ഓഫീസർ വൈശാഖ്, ഹോം ഗാർഡ് ഷാജി, ടൗൺ പൊലീസ് സ്റ്റേഷൻ അസിസ്റ്റന്റ് സബ്ബ് ഇൻസ്പെക്ടർ മഹേഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ സുമീജ്, സിവിൽ പൊലീസ് ഓഫീസർ അബ്ദുൾ ഹക്കീം, കൺട്രോൾ റൂം അസിസ്റ്റന്റ് സബ്ബ് ഇൻസ്പെക്ടർ ശ്രീജേഷ്, സിവിൽ പൊലീസ് ഓഫീസർമാരായ ഷിബുലേഷ്, രാഹുൽ എന്നിവരുൾപ്പെട്ട സംഘമാണ് ഈ മാതൃകാപരമായ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുള്ളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക.
Toll free helpline number: 1056, 0471-2552056)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

